ഈരാറ്റുപേട്ട: നാടിന്റെ ദാഹം തീര്‍ത്ത് അത്ഭുത കിണറായി അമ്പരപ്പിക്കുകയാണ് മാങ്കുഴയ്ക്കലെ ഈ കിണര്‍. നടയ്ക്കല്‍ പരേതനായ അലി സാഹിബിന്റെ കിണറാണ് വര്‍ഷങ്ങളായി നാട്ടുകാരുടെ ദാഹം തീര്‍ക്കുന്നത്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് അലി സാഹിബ് മരിച്ചു എങ്കിലും ഈ കിണര്‍ അന്നത്തെ പോലത്തന്നെ ഇന്നും നാട്ടുകാര്‍ക്ക് സ്വന്തമാണ്. അലി സാഹിബിന്റെ കിണറെന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത് തന്നെ. കിണര്‍ ഭിത്തിക്ക് ചുറ്റും 90 മോട്ടറുകളാണ് സ്ഥാപിച്ചിരിക്കുന്നത്.
അതേസമയം, ഏതാനും നാളുകള്‍ക്കു മുന്‍പ് കിണറിന്റെ സംരക്ഷണ ഭിത്തിക്കു തകരാര്‍ സംഭവിച്ചിരുന്നു. തുടര്‍ന്ന് പൊതുജനങ്ങളുടെ ആവശ്യം പരിഗണിച്ച് വാര്‍ഡ് കൗണ്‍സിലര്‍ ഫാസില അബ്‌സാര്‍ നേതൃത്വം നല്‍കിയ ജനകീയ കൂട്ടായ്മ നാട്ടുകാരുടെ സഹകരണത്തോടെ 80000 രൂപ മുടക്കി ഭിത്തികെട്ടി കിണര്‍ നവീകരിച്ചു.
കല്ലുകൊണ്ട് കെട്ടിയ പുതിയ സംരക്ഷണ ഭിത്തിയില്‍ മോട്ടറുകള്‍ വയ്ക്കാന്‍ വയ്ക്കാന്‍ പ്രത്യേക സ്ഥലം ഉണ്ടാക്കി എടുക്കുകയും ചെയ്തിട്ടുണ്ട്. 500 മീറ്റര്‍ ചുറ്റളവിലുള്ള നൂറില്‍പ്പരം കുടുംബങ്ങളിലേക്കാണ് ഈ കിണറ്റിലെ വെള്ളമെത്തുന്നത്.
മഴക്കാലത്തും കുടിവെള്ളം കിട്ടാന്‍ പ്രയാസമുള്ള 50തോളം കുടുംബങ്ങളുടെ മോട്ടറുകള്‍ ഇവിടെ തന്നെ ഉണ്ടാകാറുണ്ട്. അലി സാഹിബിന്റെ ഈ കിണര്‍ ഇല്ലായിരുന്നെങ്കില്‍ വെള്ളത്തിനായി കിലോമീറ്ററുകള്‍ സഞ്ചരിക്കേണ്ട അവസ്ഥയാകുമായിരുന്നു ഈ നാട്ടുകാര്‍ക്കെന്ന് പറയുകയാണ് ഇവര്‍.
പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് അലി സാഹിബ് കുത്തിയ കിണര്‍ പിന്നീട് കുടിവെള്ളക്ഷാമം നേരിടുന്നവരുടെ മാലാഖയായി മാറുകയായിരുന്നു. അലി സാഹിബ് കിണറുള്‍പ്പെടുന്ന തന്റെ സ്വത്ത് മക്കള്‍ക്കായി വീതം വച്ച് നല്‍കിയപ്പോള്‍ കിണറിരിക്കുന്ന ഭാഗം നാട്ടുകാര്‍ക്കായി മാറ്റിവയ്ക്കാനും മടിച്ചില്ല.
നാളുകള്‍ക്ക് ശേഷം കടുത്ത കുടിവെള്ള ക്ഷാമം വന്നതോടെ സമീപവാസികള്‍ തങ്ങളുടെ വീട്ടിലേക്കുള്ള മോട്ടറുകള്‍ ഈ കിണറ്റിലേക്ക് മാറ്റി സ്ഥാപിക്കുകയായിരുന്നു. ഇന്ന് ആവശ്യക്കാര്‍ രാവും പകലുമില്ലാതെ മോട്ടര്‍ ഉപയോഗിച്ച് വെള്ളം വീട്ടിലേക്ക് എത്തിക്കും.
അതേസമയം, ഇത്രയേറെ പേര്‍ കിണറ്റിലെ വെള്ളം അടിച്ച് എടുത്ത് ടാങ്ക് നിറച്ചാനും പേടിക്കാനില്ലെന്നാണ് നാട്ടുകാരുടെ അനുഭവം. തൊട്ടടുത്ത അര മണിക്കൂര്‍ കാത്തിരുന്നാല്‍ ഒരു ടാങ്കിലേക്കുള്ള വെള്ളം വീണ്ടും ഈ കിണറില്‍ നിറയും. ഇപ്പോള്‍ മോട്ടറുകള്‍ സ്ഥാപിച്ചിരിക്കുന്നവര്‍ക്കു വെള്ളം പമ്പു ചെയ്യുന്നതിനു സമയവും നല്‍കിയാണ് പ്രവര്‍ത്തനം.