നടി അപർണ ബാലമുരളിയോട് മോശം പെരുമാറ്റം; ഒരാഴ്ച ഇനി വീട്ടിൽ, ലോ കോളേജ് വിദ്യാർഥിക്ക് സസ്‌പെൻഷൻ

Aparna Balamurali | Bignewslive

കൊച്ചി: നടി അപർണ ബാലമുരളിയോട് മോശമായി പെരുമാറിയ എറണാകുളം ലോ കോളേജ് വിദ്യാർഥിക്ക് സസ്‌പെൻഷൻ. കോളേജ് യൂണിയൻ പരിപാടിക്കിടെയാണ് സംഭവം നടന്നത്. മോശമായുള്ള വിദ്യാർത്ഥിയുടെ പെരുമാറ്റത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ നിറഞ്ഞിരുന്നു. പിന്നാലെയാണ് നടപടി കൈകൊണ്ടത്.

കഴിഞ്ഞ ദിവസം ലോ കോളേജ് പ്രിൻസിപ്പൽ വിദ്യാർഥിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. മറുപടി തൃപ്തികരമല്ലാത്തതിനാൽ സ്റ്റാഫ് കൗൺസിൽ യോഗം കൂടിയാണ് വിദ്യാർഥിക്ക് ഒരാഴ്ചത്തെ സസ്‌പെൻഷൻ നൽകാൻ തീരുമാനിച്ചത്. ഒരു ലോ കോളേജ് വിദ്യാർഥി എന്ന നിലയിൽ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണെന്ന് പ്രിൻസിപ്പൽ പറയുന്നു.

കഴിഞ്ഞ ദിവസം വിദ്യാർഥി യൂണിയൻ ഉദ്ഘാടനത്തോടൊപ്പം തങ്കം സിനിമയുടെ പ്രമോഷന്റെയും ഭാഗമായി എത്തിയ താരത്തിന് പൂ കൊടുക്കാനായി വേദിയിൽ കയറിയ വിദ്യാർഥി അപർണയുടെ കൈയിൽ പിടിക്കുകയും തോളിൽ കൈയിടാൻ ശ്രമിക്കുകയുമായിരുന്നു. എന്നാൽ താരം അതൃപ്തി കാണിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.

എന്താടോ ഇത്, ലോ കോളജ് അല്ലേ എന്ന് അപർണ ചോദിക്കുകയും ചെയ്യുന്നുണ്ട്. സംഭവത്തിൽ സ്തബ്ധയായിപ്പോയെന്ന് അപർണ പിന്നീട് സോഷ്യൽ മീഡിയയിൽ കുറിക്കുകയും ചെയ്തിരുന്നു. തനിക്ക് പരാതിയില്ലെന്നും, ആ സമയത്ത് പ്രകടിപ്പിച്ച എതിർപ്പ് തന്നെയാണ് തന്റെ മറുപടിയെന്നും അപർണ പ്രതികരിച്ചിരുന്നു.

Exit mobile version