തൃശ്ശൂര്‍: നാട്ടികയുലെ ഭര്‍തൃവീട്ടില്‍ വെച്ച് ജീവനൊടുക്കിയ യുവതിയുടെ മൃതദേഹത്തോടും ഭര്‍ത്താവിന്റേയും വീട്ടുകാരുടേയും അനാദരവ്. യുവതിയുടെ മരണാനന്തര ചടങ്ങിന് മക്കളെ വിട്ടുനല്‍കാന്‍ തയ്യാറാകാതെ പിടിച്ചുവെച്ച് ഭര്‍ത്താവിന്റെ ക്രൂരത.
പാവറട്ടി സ്വദേശി ആശയുടെ അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാന്‍ മക്കളെ വിട്ടുനല്‍കാതെ ഭര്‍തൃവീട്ടുകാരാണ് ക്രൂരമായി പെരുമാറുന്നത്. വ്യാഴാഴ്ചയാണ് ഭര്‍ത്താവ് സന്തോഷിന്റെ നാട്ടികയിലെ വീട്ടില്‍ വെച്ച് ആശ കുന്നിക്കുരു കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ യുവതി മരണമടഞ്ഞു.
ജീവനൊടുക്കാന്‍ ശ്രമിച്ച് ചികിത്സയിലായിരുന്ന ആശയെ ഗള്‍ഫില്‍ നിന്നെത്തിയ ഭര്‍ത്താവ് സന്തോഷ് സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ മരണശേഷം മൃതദേഹം കാണാനോ സ്വീകരിക്കാനോ തയ്യാറായിരുന്നില്ല. ഇതിന് പിന്നാലെയാണ് സംസ്‌കാരത്തിന് എത്തുന്നതില്‍ നിന്നും മക്കളെ തടഞ്ഞത്.
പാവറട്ടിയിലെ വീട്ടില്‍ സംസ്‌കാരം നിശ്ചയിച്ചെങ്കിലും കുട്ടികളെത്താത്തതിനാല്‍ ചടങ്ങുകള്‍ വൈകുകയാണ്. നിലവില്‍ പ്രശ്ന പരിഹാരത്തിനായി പോലീസും പ്രാദേശിക രാഷ്ട്രീയ നേതാക്കളും അടങ്ങുന്ന സംഘം നാട്ടികയിലേക്ക് തിരിച്ചിട്ടുണ്ട്.
ആശ ഭര്‍തൃവീട്ടുകാരുടെ കടുത്ത മാനസിക പീഡനത്തെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ആശ വന്നുകയറിയ ശേഷം വീട്ടില്‍ ഐശ്വര്യമില്ലെന്ന് ബന്ധുക്കള്‍ നിരന്തരം ആരോപിച്ചിരുന്നു. ഈ മാനസിക പീഡനത്തിന് പിന്നില്‍ സന്തോഷിന്റെ അമ്മയും സഹോദരനുമായിരുന്നു.
12 വര്‍ഷം മുമ്പായിരുന്നു ആശയുടേയും സന്തോഷിന്റെയും വിവാഹം. പത്തും നാലും വയസ് പ്രായമുള്ള രണ്ട് ആണ്‍മക്കളാണ് ഇവര്‍ക്കുള്ളത്.