പാലക്കാട്: കോടതിയുടെ വാറന്റ് ഉണ്ടായിട്ടും ഭാര്യയ്ക്ക് ചെലവിനു നല്‍കാതെ മുങ്ങി നടന്ന ഭര്‍ത്താവിനെ പിടികൂടി വനിതാ കമ്മീഷന്. പാലക്കാട് ജില്ലാപഞ്ചായത്ത് ഹാളില്‍ വ്യാഴാഴ്ച നടന്ന തെളിവെടുപ്പിനിടെയാണ് ഭര്‍ത്താവിനെ വനിതാ കമ്മിഷന് കൈയോടെ പിടികൂടി.
പട്ടാമ്പി കൊപ്പം മേല്‍മുറി സ്വദേശി പുഷ്പരാജാണ് (46) വനിതാ കമ്മിഷന്റെ പിടിയിലായത്. ഇയാളെ പിന്നീട് കോടതിയിലെത്തിച്ചു. പലതവണ ആവശ്യപ്പെട്ടിട്ടും കോടതിയിലും വനിതാ കമ്മിഷന് സിറ്റിങ്ങിലും ഹാജരാകാതെ മുങ്ങിനടക്കുകയായിരുന്നു പുഷ്പരാജന്‍.
പിന്നീട് ഇയാള്‍ തെളിവെടുപ്പിനിടെ അപ്രതീക്ഷിതമായി എത്തുകയായിരുന്നു. ഇയാളെ തിരിച്ചറിഞ്ഞ കമ്മിഷന് ഡയറക്ടര്‍ പിബി രാജീവിന്റെ രഹസ്യനിര്‍ദേശപ്രകാരം പാലക്കാട് വനിതാ സെല്ലില്‍നിന്ന് പോലീസെത്തി അറസ്റ്റുചെയ്താണ് കൊപ്പം പോലീസിനു കൈമാറിയത്. കമ്മിഷന് അംഗങ്ങളായ വി.ആര്. മഹിളാമണി, അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി എന്നിവരുടെ അധ്യക്ഷതയിലായിരുന്നു തെളിവെടുപ്പ്.
ഭാര്യയും വിവാഹിതയായ മകളും തൊഴിലാളികളായ രണ്ട് ആണ്‍മക്കളുമാണ് പുഷ്പരാജന്റെ കുടുംബത്തിലുള്ളത്. വിവാഹമോചന സമയത്ത് ഭാര്യയ്ക്ക് പ്രതിമാസം 7,500 രൂപ ചെലവിനു നല്കാന് പട്ടാമ്പി ജെസിഎം കോടതി ഉത്തരവിട്ടിരുന്നു. ഇതു നല്‍കാതെ പുഷ്പരാജന്‍ മുങ്ങി.
പിന്നീട് ചെലവിനു നല്‍കേണ്ട വകയില്‍ കുടിശ്ശിക 1,10,000 രൂപയായി ഉയര്‍ന്നു. കുടിശ്ശികയായ 1,10,000 രൂപയില്‍ 10,000 രൂപ കെട്ടിവെച്ചതോടെ പട്ടാമ്പി ജെസിഎം കോടതി ഇയാളെ ജാമ്യത്തില്‍വിട്ടു. ബാക്കിതുക 5,000 രൂപവീതം പ്രതിമാസ തവണകളായി അടയ്ക്കാമെന്ന ഉറപ്പും കോടതിയില്‍ നല്‍കിയിരിക്കുകയാണ്.
ജില്ലാപഞ്ചായത്ത് ഹാളില്‍ നടന്ന വനിതാ കമ്മിഷന് തെളിവെടുപ്പില്‍ 12 പരാതികള്‍ക്ക് തീര്‍പ്പായി. ആറുപരാതികളില്‍ വിശദമായ പോലീസ് റിപ്പോര്‍ട്ട് തേടി. രണ്ടു പരാതികളില്‍ കക്ഷികളെ കൗണ്‍സലിങ്ങിന് വിധേയരാക്കാനും തീരുമാനിച്ചു.
Discussion about this post