മലപ്പുറം: കഴിഞ്ഞ ദിവസമാണ് നടി അപർണ ബാലമുരളിയോട് മോശമായി പെരുമാറിയ യുവാവിന്റെ വീഡിയോ സൈബർ ലോകത്ത് നിറഞ്ഞത്. ശരീരത്തിൽ അനുവാദമില്ലാതെ സ്പർശിക്കാൻ ശ്രമം നടത്തുമ്പോൾ അനിഷ്ടം പ്രകടിപ്പിക്കുന്ന അപർണയെയും വീഡിയോയിൽ കാണാം. ശേഷം, താരത്തിനെതിരെ വൻ തോതിൽ പ്രതിഷേധം ഉയർന്നിരുന്നു. സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് എംഎസ്എഫ് മുൻ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തെഹ്ലിയ.
അപർണ്ണ ബാലമുരളിയെ പിന്തുണച്ചാണ് ഫാത്തിമ രംഗത്ത് വന്നത്. ഒരിക്കൽ പോലും പരിചയമില്ലാത്തവരോട് അങ്ങനെ ചെയ്യരുത് എന്ന വിചിത്ര ഉപദേശമാണ് വരുന്നത്. എന്ത് വാദമാണിത്. പരിചയമുണ്ടെങ്കിൽ തന്നെ ഇഷ്ടമില്ലാത്ത ഒരാളുടെ സ്പേസിലേക്ക് നിങ്ങൾക്കെങ്ങനെ കയറിചെല്ലാൻ പറ്റും. അവരൊരു സിനിമാ നടിയോ, രാഷ്ട്രീയക്കാരിയോ, പൊതുമേഖലയിൽ നിറഞ്ഞു നിൽക്കുന്നവരോ ആവട്ടെ, അവരെങ്ങനെയാണ് നിങ്ങൾക്ക് ‘പൊതുമുതൽ’ ആവുന്നത്?.
അപരന്റെ ഇഷ്ടവും താൽപ്പര്യവും പരിഗണിക്കാതെ ‘എന്നാണ് നമുക്ക് നമ്മുടെ ശരീരത്തെ മറികടക്കാൻ കഴിയുക’ എന്ന മുദ്രാവാക്യം പോലും ആപത്കരമാണെന്നും തെഹ്ലിയ പറയുന്നു. ഫേസ്ബുക്കിലൂടെയാണ് ഫാത്തിമ പ്രതികരണം അറിയിച്ചത്. തങ്കം സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് എറണാകുളം ലോ കോളേജിൽ എത്തിയപ്പോഴാണ് നടിയോട് യുവാവിന്റെ മോശം പെരുമാറ്റമുണ്ടായത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം;
എന്റെ ശരീരത്തിലേക്കെന്നല്ല എന്റെ മാനസിക പ്രതലത്തിലേക്കും (intimate Space) ഇഷ്ട്മില്ലാതെ ഒരാളേയും കയറാൻ ഞാൻ അനുവദിക്കാറില്ല. അങ്ങനെ ആരെങ്കിലും ശ്രമിച്ചാൽ പിടിച്ചു പുറത്തിടാനും അനിഷ്ടം തുറന്ന് പ്രകടിപ്പിക്കാനും ഞാൻ ശ്രമിക്കാറുണ്ട്. അതിനർത്ഥം അതെളുപ്പമാണെന്നല്ല. പൊതുവേ അങ്ങനെ ചെയ്യുന്ന സ്ത്രീകൾക്ക് സ്വയം പരിക്കേൽപ്പിക്കാതെ അങ്ങനെ പ്രവർത്തിക്കൽ പോലും അസാധ്യമാണെന്ന് ഞാൻ വിശ്വസിക്കുന്നു. അതുകൊണ്ട് മറ്റുള്ളവരുടെ സ്വകാര്യതയെ വിവേകപൂർവ്വം തിരിച്ചറിയുകയും ബഹുമാനിക്കാനുമാണ് നാം പരിശീലനം കൊടുക്കേണ്ടത്. നമ്മുടെ പെൺകുട്ടികളെ ശക്തരും പ്രതികരണ ശേഷിയുമുള്ളവരും ആക്കുന്നതിന്റെ പ്രസക്തിയും ഇവിടെയാണ്.
അനുവാദമില്ലാതെ മറ്റൊരാളുടെ ശരീരത്തിലേക്കുള്ള കടന്നുകയറ്റം ന്യായീകരിക്കുന്നവരെ കാണുമ്പോൾ ലജ്ജ തോന്നുന്നു. ഒരിക്കൽ പോലും പരിചയമില്ലാത്തവരോട് അങ്ങനെ ചെയ്യരുത് എന്ന വിചിത്ര ഉപദേശവും വരുന്നു. എന്ത് വാദമാണത്. ഇനി പരിചയമുണ്ടെങ്കിൽ തന്നെ, ഇഷ്ട്ടമില്ലാത്ത ഒരാളുടെ സ്പേസിലേക്ക് നിങ്ങൾക്കെങ്ങനെ കയറിചെല്ലാൻ പറ്റും. അവരൊരു സിനിമാ നടിയോ, രാഷ്ട്രീയക്കാരിയോ, പൊതുമേഖലയിൽ നിറഞ്ഞു നിൽക്കുന്നവരോ ആവട്ടെ, അവരെങ്ങനെയാണ് നിങ്ങൾക്ക് ‘പൊതുമുതൽ’ ആവുന്നത്?
അപരന്റെ ഇഷ്ടവും താൽപ്പര്യവും പരിഗണിക്കാതെ ‘എന്നാണ് നമുക്ക് നമ്മുടെ ശരീരത്തെ മറികടക്കാൻ കഴിയുക’ എന്ന മുദ്രാവാക്യം പോലും ആപത്കരമാണ്. വ്യക്തികളുടെ അടുപ്പങ്ങളും താൽപ്പര്യങ്ങളും തിരിച്ചറിയാനുള്ള അളവുകോൽ മനുഷ്യന്റെ കൈയ്യിലുണ്ട്. ബഹുമാനത്തിന്റേയും തിരിച്ചറിവിന്റേയും കരുതലിന്റേയും ഇടപെടലാണത്. എല്ലാം നോർമലൈസ് ചെയ്യുകയും പരിഷ്‌കൃത മനോഭവമെന്ന് സ്വയം പറയുകയും ജൻഡർ ന്യൂട്രാലിറ്റിക്ക് വേണ്ടി വാദിക്കുകയും ചെയ്യുന്നവർ സ്വന്തം സ്വാതന്ത്ര്യത്തിനപ്പുറത്തെ അപരന്റെ സ്വകാര്യതയെ എപ്പോൾ മാനിക്കാണ്?
Discussion about this post