ആലപ്പുഴ: പരിമിതികളെ അതിജീവിച്ച യാസീന്റെ മാന്ത്രിക സംംഗീതം തേടി
കായംകുളത്തെ വീട്ടിലെത്തി സംഗീതസംവിധായകന്‍ രതീഷ് വേഗ. വൈകല്യങ്ങളെ അതിജീവിച്ച് സ്വയം കീബോര്‍ഡ് പഠിച്ച് മനോഹരമായി വേദിയില്‍ അവതരിപ്പിക്കുന്ന
അഞ്ചാം ക്ലാസുകാരനായ യാസിനെയാണ് രതീഷ് വേഗ നേരിട്ടെത്തി അഭിനന്ദിച്ചത്.
10 വയസുകാരനായ മുഹമ്മദ് യാസീന് ജന്മനാ കൈകാലുകള്‍ക്ക് പരിമിതിയുണ്ടെങ്കിലും കണ്ണുകെട്ടി കീബോര്‍ഡ് വായിക്കും. മാത്രമല്ല മനോഹരമായി നൃത്തവും ചെയ്യും. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പ്രയാര്‍ കെഎന്‍എം യുപി സ്‌കൂളില്‍ പുതിയ കെട്ടിട ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് യു പ്രതിഭ എംഎല്‍എ യാസീനെ മന്ത്രിക്ക് പരിചയപ്പെടുത്തിയത്. ശേഷം മന്ത്രി തന്നെ യാസീനെ കുറിച്ച് പോസ്റ്റിട്ടു, സംഗീതസംവിധായകര്‍ ആരെങ്കിലും അവസരം നല്‍കണമെന്നും പറഞ്ഞ്.
മന്ത്രിയുടെ ഫേസ്ബുക്ക് പേജിലെ പോസ്റ്റില്‍ രതീഷ് വേഗ കമന്റിട്ടു. ‘വലിയ ഒരു അവസരം ഒരുക്കണം. ലോകം അറിയാന്‍ കഴിയണം കൂടെയുണ്ട് സര്‍’, എന്ന്. അതിനു പിന്നാലെ പ്രതിഭ എംഎല്‍എയ്‌ക്കൊപ്പം രതീഷ് വേഗ യാസിന്റെ വീട്ടിലെത്തി.
കൊവിഡ് കാലത്ത് വാപ്പ വാങ്ങിക്കൊടുത്ത 250 രൂപയുടെ ചെറിയ കളിപ്പാട്ട പിയാനയിലൂടെയായിരുന്നു യാസിന്റെ പരിശീലനം. ഇപ്പോള്‍ ഏത് ഗാനങ്ങളും യാസീന്‍ കീബോര്‍ഡില്‍ വായിക്കും. നിരവധി സ്റ്റേജ് പരിപാടികളും ചാനല്‍ ഷോകളിലും പങ്കെടുത്തിട്ടുണ്ട്. കണ്ണു കെട്ടി കീബോര്‍ഡില്‍ ദേശീയഗാനവും ദേശീയഗീതവും ഏറ്റവും കുറഞ്ഞ സമയമായ രണ്ട് മിനിട്ട് 58 സെക്കന്‍ഡില്‍ വായിച്ചതിന് ഇന്ത്യന്‍ ബുക്ക്‌സ് ഓഫ് റെക്കോഡ് അംഗീകാരത്തിനായി യാസീന്‍ പരിഗണിക്കപ്പെട്ടിരിക്കുകയാണ്.
പ്രയാര്‍വടക്ക് എസ് എസ് മന്‍സിലില്‍ ഷാനവാസ്- ഷൈല ദമ്പതികളുടെ മൂത്തമകനാണ് യാസീന്‍. അനുജന്‍ അല്‍ അമീന്‍ മൂന്നില്‍ പഠിക്കുന്നു. ഈ പ്രതിഭയെ ലോകത്തിന്റെ മുന്നിലെത്തിക്കാന്‍ എല്ലാ പരിശ്രമവും നടത്തുമെന്നും രതീഷ് വേഗ പറഞ്ഞു. യു പ്രതിഭ എംഎല്‍എയും ഒപ്പമുണ്ടായിരുന്നു.
രതീഷ് വേഗയുടെ കുറിപ്പിങ്ങനെ…
യാസിന്‍ എന്ന മാലാഖ കുഞ്ഞിനെ കണ്ടു ഇന്ന് പ്രിയപ്പെട്ട കായംകുളം എംഎല്‍എ അഡ്വ. യു പ്രതിഭയുടെ കൂടെ.
കൈകാലുകള്‍ ഇല്ലാതെ എങ്ങനെ ആണ് ഒരു music instrument വായിക്കാന്‍ കഴിയുക. കീബോര്‍ഡില്‍ കണ്ണടച്ച് അവന്‍ വായിക്കുന്ന ദേശീയ ഗാനം കേട്ടാല്‍ കണ്ണ് നിറയും തീര്‍ച്ച. പ്രിയപ്പെട്ട വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി സര്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോ ആണ് യാസിന്‍ എന്ന കുഞ്ഞിനെ അറിയാന്‍ കാരണം. കഴിവ് എന്നത് അംഗ വൈകല്യങ്ങള്‍ക്കും അപ്പുറം ആണ് എന്ന് ഈ കുഞ്ഞിനെ കണ്ടാല്‍ ബോധ്യമാവും. നാളെ ലോകം ഈ കുഞ്ഞിനെ നെഞ്ചോടു ചേര്‍ക്കും നിങ്ങളുടെ പ്രാര്‍ത്ഥനയില്‍ ഓര്‍ക്കുമല്ലോ. നന്ദി പ്രിയപ്പെട്ട V Sivankutty Sir (Education Minister) കായംകുളം MLA U പ്രതിഭ ഹരി