തൃശ്ശൂര്‍: അപകടത്തില്‍ വലതുകാല്‍ മുട്ടിന് മീതെവച്ച് നഷ്ടപ്പെട്ട അഞ്ചു വയസുകാരന് കൃത്രിമ കാലിലൂടെ ഇനി നടക്കാം. പാലക്കാട് തൃത്താല സ്വദേശിയായ കുട്ടിയ്ക്കാണ്
തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് പുതുജീവിതം നല്‍കിയത്.
തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഫിസിക്കല്‍ മെഡിസിന്‍ റിഹാബിലിറ്റേഷന്‍ സെന്ററാണ് പാലക്കാട് തൃത്താല സ്വദേശിയായ കുട്ടിയുടെ സ്വപ്നങ്ങള്‍ക്ക് ഉണര്‍വേകിയത്. സര്‍ക്കാരിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സൗജന്യമായാണ് കൃത്രിമ കാല്‍ നല്‍കിയത്. ഈ ദൗത്യം ഏറ്റെടുത്ത ടീമിനെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചിരുന്നു.
ഒരു വര്‍ഷം മുമ്പാണ് ലോറിയിടിച്ച് കുട്ടിയുടെ വലതുകാല്‍ നഷ്ടപ്പെട്ടത്. ഇടതുകാലിന്റെ തൊലിയും നഷ്ടപ്പെട്ടു. നീണ്ട നാളത്തെ ചികിത്സയ്ക്ക് ശേഷം കുട്ടി ജീവിതത്തിലേക്ക് തിരിച്ചു വന്നു. പക്ഷെ നടക്കാനുള്ള മോഹം സഫലമായില്ല. മൂന്ന് മാസങ്ങള്‍ക്ക് മുമ്പാണ് ചികിത്സക്കായി തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയത്.
തുടര്‍ന്ന് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ കൃത്രിമ കാല്‍ വച്ചു പിടിപ്പിക്കുന്നതിന്റെ സാധ്യത ആരാഞ്ഞു. ഫിസിക്കല്‍ മെഡിസിന്‍ വിഭാഗത്തിലെ കൃത്രിമ കാല്‍ നിര്‍മ്മാണ യൂണിറ്റ് കുട്ടിയുടെ പാകത്തിനുള്ള കൃത്രിമ കാല്‍ നിര്‍മ്മിച്ചു. കുട്ടിക്ക് ആവശ്യമായ പരിശീലനം നല്‍കി. കൃത്രിമ കാലിന്റെ സഹായത്തോടെ നടന്ന കുട്ടിയ്ക്ക് ഡോക്ടര്‍മാരും ജീവനക്കാരും ചേര്‍ന്ന് സന്തോഷത്തോടെ യാത്രയയപ്പ് നല്‍കി.
Discussion about this post