കോട്ടയം: ആഡംബരങ്ങളെല്ലാം ഒഴിവാക്കി ഒരു ലളിതമായ വിവാഹം. യുവ സിപിഐ നേതാവും കോട്ടയം ജില്ലാ പഞ്ചായത്ത് നിയുക്ത പ്രസിഡന്റുമായ അഡ്വ. ശുഭേഷ് സുധാകരനാണ് ആഘോഷവും ആഡംബരവും ഒഴിവാക്കി രജിസ്ട്രാര്‍ ഒഫീസില്‍ വെച്ച് ഡോ. ജയലക്ഷ്മി രാജീവിനെ ജീവിത പങ്കാളിയാക്കിയത്.
കാസര്‍കോട് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലെ അസി.പ്രൊഫസറാണ് ജയലക്ഷ്മി. കാഞ്ഞിരപ്പള്ളി സബ് രജിസ്ട്രാര്‍ ഒഫീസില്‍ വെച്ചായിരുന്നു വിവാഹം. താലികെട്ട് പോലെയുള്ള ചടങ്ങ് പോലും ഒഴിവാക്കി ചെറുചടങ്ങ് മാത്രമായിരുന്നു വിവാഹം.
വധുവിന്റെയും വരന്റെയും ബന്ധുക്കള്‍ അടക്കം പത്തില്‍ താഴെ അതിഥികള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തിരുന്നത്. കോട്ടയം ജില്ലാ പഞ്ചായത്ത് എരുമേലി ഡിവിഷന്‍ അംഗമായ അഡ്വ. ശുഭേഷ് സുധാകരന്‍ സി.പി.ഐ. സംസ്ഥാന കൗണ്‍സില്‍ അംഗവും, എ.ഐ.വൈ.എഫ്. സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമാണ്.
എ.ഐ.എസ്.എഫ്. മുന്‍ സംസ്ഥാന സെക്രട്ടറിയായിരുന്നു ശുഭേഷ്.കൂട്ടിക്കല്‍ പൊറ്റനാനിയില്‍ വീട്ടില്‍ മുന്‍ സി.പി.ഐ. നേതാവ് പരേതനായ പി.കെ.സുധാകരനാണ് ശുഭേഷിന്റെ അച്ഛന്‍. മുന്‍ കൂട്ടിക്കല്‍ ഗ്രാമപ്പഞ്ചായത്തംഗം ലീലാമ്മയാണ് അമ്മ. മുണ്ടക്കയം പുത്തന്‍പുരയ്ക്കല്‍ രാജീവനും തങ്കമ്മ രാജീവനുമാണ് ജയലക്ഷ്മിയുടെ മാതാപിതാക്കള്‍.
Discussion about this post