മലപ്പുറം: വീട്ടുവളപ്പിലെ പേരയ്ക്ക പറിക്കാൻ കല്ലെറിഞ്ഞുവെന്ന് ആരോപിച്ച് മർദ്ദനത്തിന് ഇരയായ 12 വയസുകാരന്റെ ശസ്ത്രക്രിയ പൂർത്തിയായി. കുട്ടിയുടെ ഇടതുകാലിന്റെ തുടയെല്ലിനു പൊട്ടലുണ്ടെന്നും ശസ്ത്രക്രിയ നടത്തി കമ്പി ഇട്ടിരിക്കുകയാണെന്നും ചികിത്സയ്ക്കു നേതൃത്വം നൽകിയ ഡോ. ഷാക്കിബ് പറയുന്നു.
നിലവിൽ കുട്ടി പെരിന്തൽമണ്ണ എംഇഎസ് മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയാണ്. വാഴേങ്കട ബിടാത്തിയിൽ പന്തുകളി കഴിഞ്ഞു കൂട്ടുകാരോടൊപ്പം വീട്ടിലേക്കു മടങ്ങുമ്പോഴാണ് കുട്ടി മർദ്ദനത്തിന് ഇരയായത്. ബിടാത്തി കളത്തിൽകുണ്ട് റോഡിൽ എത്തിയപ്പോൾ തൊട്ടടുത്ത വീട്ടുകാരൻ സ്‌കൂട്ടറിലെത്തി ‘ആരാടാ എന്റെ വീട്ടിലേക്ക് കല്ലെറിഞ്ഞത്’ എന്നു ചോദിക്കുകയും മർദിക്കുകയുമായിരുന്നുവെന്ന് കുട്ടി മൊഴി നൽകി.
തങ്ങൾ കല്ലെറിഞ്ഞില്ലെന്ന് പറഞ്ഞപ്പോൾ ചവിട്ടിവീഴ്ത്തിയതായും എഴുന്നേറ്റ് ഓടുന്നതിനിടയിൽ പിന്നിൽ സ്‌കൂട്ടറുമായെത്തി കാലിൽ ഇടിച്ചുവീഴ്ത്തിയെന്നും കുട്ടി പറയുന്നു. കുട്ടിക്ക് തുടയെല്ലിലെ പൊട്ടലിനു പുറമേ കൈമുട്ടിലും കാൽമുട്ടിലും പരിക്കുകളുണ്ട്.
സംഭവത്തിലെ പ്രതി വാഴേങ്കട കുനിയൻകാട്ടിൽ അഷ്‌റഫിനെ (49) ഇന്നലെ പെരിന്തൽമണ്ണ കോടതി റിമാൻഡ് ചെയ്തു. അന്യായമായി തടഞ്ഞുവയ്ക്കൽ, മാരകമായി പരുക്കേൽപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.