കൊച്ചി: പറവൂരിൽ ഭക്ഷ്യവിഷബാധയേറ്റ് കുട്ടികൾ ഉൾപ്പടെ 68ഓളം പേർ ആശുപത്രിയിലായ സംഭവത്തിൽ മജ്ലിസ് ഹോട്ടലിന്റെ ലൈസൻസ് തെറിപ്പിച്ചു. ആരോഗ്യമന്ത്രി വീണാ ജോർജ് ആണ് ഇക്കാര്യം അറിയിച്ചത്. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അടിയന്തരമായി പരിശോധന നടത്തി റിപ്പോർട്ട് നൽകാൻ ഭക്ഷ്യ സുരക്ഷാ കമ്മീഷണർക്ക് നിർദേശം നൽകിയിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഹോട്ടലിന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്തത്.
നിലവിൽ, മജ്‌ലിസ് ഹോട്ടലിലെ ചീഫ് കുക്ക് കസ്റ്റഡിയിലാണ്. കൂടാതെ, ഹോട്ടലുടമകൾക്കെതിരെ വധശ്രമത്തിനു കേസെടുത്തു. വീണ്ടുമൊരു തുറക്കൽ മജ്‌ലിസ് ഹോട്ടലിന് മുന്നിൽ കടുത്ത വെല്ലുവിളിയാകും. ഹോട്ടലിൽനിന്ന് കുഴിമന്തിയും അൽഫാമും ഷവായിയും കഴിച്ചവരെയാണു കടുത്ത ഛർദിയെയും വയറിളക്കത്തെയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുഴിമന്തി റൈസ് മാത്രം കഴിച്ചവർക്കു പ്രശ്‌നമില്ല.
മാംസം ഭക്ഷിച്ചതാണ് ആരോഗ്യപ്രശ്‌നമുണ്ടാക്കിയതെന്നാണു സൂചന. ഭക്ഷ്യവിഷ ബാധയേറ്റ ഒൻപതു പേർ കുന്നുകര എംഇഎസ് കോളജിലെ വിദ്യാർഥികളാണ്. രണ്ടു കുട്ടികൾ ഉൾപ്പടെ 28 പേരെ പറവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരാവസ്ഥയിലായ ചെറായി സ്വദേശിനി ഗീതുവിനെ എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്കു മാറ്റി. 20 പേർ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയിട്ടുണ്ട്. ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചവർ മറ്റു ില്ലകളിലും ചികിത്സ തേടിയിട്ടുണ്ട്.