എറണാകുളം: ഭക്ഷ്യവിഷബാധയേറ്റ സംഭവത്തില്‍ പറവൂരിലെ മജ്ലിസ് ഹോട്ടല്‍ ഉടമസ്ഥര്‍ക്കെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തു. 68 പേരാണ് ഭക്ഷ്യവിഷബാധയേറ്റ് വിവിധ ആശുപത്രികളില്‍ കഴിയുന്നത്. രണ്ടു കുട്ടികള്‍ ഉള്‍പ്പടെ 27 പേര്‍ പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ഗുരുതരാവസ്ഥയിലായ ചെറായി സ്വദേശിനി ഗീതുവിനെ കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ഭക്ഷ്യവിഷബാധയേറ്റതാണെന്നാണ് ആരോഗ്യവകുപ്പിന്റെ സ്ഥിരീകരണം. കൂടുതല്‍ പേര്‍ക്ക് ഭക്ഷ്യവിഷബാധ ഏറ്റിട്ടുണ്ടെന്നാണ് വിവരങ്ങള്‍. ഇന്നലെ വൈകിട്ട് ഹോട്ടലില്‍ നിന്ന് കുഴിമന്തിയും അല്‍ഫാമും ഷവായിയും കഴിച്ചവരെയാണ് കടുത്ത ഛര്‍ദിയെയും വയറിളക്കത്തെയും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുഴിമന്തി റൈസ് മാത്രം കഴിച്ചവര്‍ക്കു പ്രശ്നമില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ മുന്‍സിപ്പാലിറ്റി ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ എത്തി ഹോട്ടല്‍ അടപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം മജ്ലിസ് ഉടമകളുടെ മറ്റൊരു ഹോട്ടലില്‍ നിന്നു പഴയ ചായപ്പൊടിയില്‍ നിറം ചേര്‍ത്തത് പിടികൂടിയതിനെ തുടര്‍ന്ന് നടപടി സ്വീകരിച്ചിരുന്നു.