കോട്ടയം: സ്‌നേഹിച്ച പെൺകുട്ടിയെ കൈവിടാതെ രജിസ്റ്റർ വിവാഹം ചെയ്ത് സഹായം ചോദിച്ചെത്തിയ പോലീസ് സ്‌റ്റേഷനിൽ ദമ്പതികളുടെ എട്ടാം വിവാഹ വാർഷികാഘോഷം നടത്തി. അഭിലാഷ് മുരളീധരൻ ആണ് എട്ട് വർഷം മുൻപ് പോലീസിന്റെ സഹായം തേടി എത്തിയത്. വിവാഹം രജിസ്റ്റർ ചെയ്തതിന് പിന്നാലെ വീട്ടുകാരെ അനുനയിപ്പിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം.
അന്നത്തെ സിഐയും ഇപ്പോൾ ഡിവൈഎസ്പിയുമായ അനീഷ് വി.കോരയും സഹപ്രവർത്തകരും അന്നു വരനും വധുവിനും നൽകിയ ഉപദേശം ഇതായിരുന്നു: ‘നന്നായി ജീവിച്ചു കാണിച്ചോണം. ഈ ഉപദേശം നെഞ്ചിലേറ്റിയ അഭിലാഷ് വിജയകരമായ എട്ട് വർഷം പൂർത്തിയാക്കിയ സന്തോഷം പങ്കിട്ടതും ഇതേ സ്‌റ്റേഷനിൽ തന്നെയാണ്. അഭിലാഷ് ഇപ്പോൾ അതേ സ്റ്റേഷനിൽ പോലീസ് ഡ്രൈവർ കൂടിയാണ്.
ഭാര്യ മായ മോൾ വെള്ളൂത്തുരുത്തി ഗവ.എൽപി സ്‌കൂളിൽ അധ്യാപികയും. വാകത്താനം പൊലീസ് സ്റ്റേഷനിലാണ് ഈ മുഹൂർത്തം അരങ്ങേറിയത്. പ്രണയകാലത്ത് അഭിലാഷ് ബസ് ഡ്രൈവറായിരുന്നു. മായ കോളജ് വിദ്യാർഥിനിയും. നവവരന്റെയും വധുവിന്റെയും വീട്ടുകാരെ അന്നു സ്റ്റേഷനിലേക്കു വിളിച്ചുവരുത്തി സംസാരിച്ചാണു പോലീസ് പ്രണയസാഫല്യത്തിനു പിന്തുണ അറിയിച്ചത്. പിഎസ്സി പരീക്ഷ എഴുതി പൊലീസ് ഡ്രൈവറായ അഭിലാഷിനു കുട്ടിക്കാനം പൊലീസ് ക്യാംപിലാണ് ആദ്യ നിയമനം ലഭിച്ചത്.
9 മാസം മുൻപു വാകത്താനത്തേക്കു സ്ഥലംമാറ്റം കിട്ടി. വിവാഹ ശേഷം പഠനം തുടർന്ന മായ അധ്യാപികയുമായി. അദ്വൈതും ആദിദേവുമാണ് ഇവരുടെ മക്കൾ. അന്നു വാകത്താനം സ്റ്റേഷനിൽ എസ്‌ഐ ആയിരുന്ന നാരായണൻകുട്ടിയും പോലീസ് ഉദ്യോഗസ്ഥരായ കൃഷ്ണൻകുട്ടിയും സുനിലുമാണ് വധൂവരന്മാർക്കു പിന്തുണ നൽകിയത്. നാരായണൻകുട്ടിയും കൃഷ്ണൻകുട്ടിയും വിരമിച്ചു. സുനിലാകട്ടെ ഗ്രേഡ് എസ്‌ഐ ആയി വിവാഹ വാർഷിക ആഘോഷത്തിലും പങ്കാളിയായി. ഇരുവർക്കും ആശംസകൾ നേർന്നു.