മലപ്പുറം: പറമ്പിൽ നിന്ന് പേരക്ക മോഷ്ടിച്ചുവെന്ന് ആരോപിച്ച് 12 വയസുകാരനെ ക്രൂരമായി മർദ്ദിച്ച് സ്ഥലമുടമ. പെരിന്തൽമണ്ണ ആലിപ്പറമ്പിലാണ് കുട്ടിക്ക് മർദനമേറ്റത്. മർദ്ദനത്തിൽ കാലിന്റെ എല്ല് പൊട്ടിയ കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഞായറാഴ്ച വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം.
കളിക്കാനെത്തിയ കുട്ടികൾ സമീപത്തെ പറമ്പിൽനിന്ന് പേരക്ക പറിക്കുകയായിരുന്നു. തുടർന്നാണ് സ്ഥലമുടമ മർദ്ദിച്ചത്. ബൈക്ക് കൊണ്ട് കുട്ടിയെ ആദ്യം ഇടിച്ചുവീഴ്ത്തിയെന്നും പിന്നീട് കാലിൽ ചവിട്ടി പരിക്കേൽപ്പിച്ചെന്നും കുട്ടിയുടെ കുടുംബം ആരോപിച്ചു. പരിക്കേറ്റ കുട്ടിയെ പ്രതിയുടെ ബന്ധുക്കൾ തന്നെയാണ് ആശുപത്രിയിൽ എത്തിച്ചത്.
പിന്നീട് വിവരമറിഞ്ഞെത്തിയ വീട്ടുകാരാണ് പോലീസിൽ പരാതി നൽകിയത്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. കുട്ടിയെ മർദിച്ച സംഭവത്തിൽ മന്ത്രി വീണാ ജോർജും അന്വേഷണത്തിന് ഉത്തരവിട്ടു. വനിതാ ശിശുക്ഷേമവകുപ്പ് വികസന ഡയറക്ടർക്കാണ് അന്വേഷണ ചുമതല.
Discussion about this post