വിതുര: ചരിഞ്ഞ ആനക്കുട്ടിയുടെ ജഡത്തിനരികെ നിന്ന് മാറാതെ നിൽക്കുന്ന അമ്മയാനയും ആനക്കൂട്ടവും നോവ് കാഴ്ചയാകുന്നു. വിതുര പഞ്ചായത്തിലെ തലത്തൂതക്കാവ് മുരിക്കുംകാലയിൽ ശനിയാഴ്ച രാത്രി എട്ടരയോടെയാണ് ചരിഞ്ഞ ആനക്കുട്ടിയെയും ചുറ്റുംനിന്ന ആനക്കൂട്ടത്തെയും ആദ്യം കണ്ടത്.
ആനയിറങ്ങുന്ന സ്ഥലമായതിനാൽ വിറകു കൂട്ടിയിട്ട് തീ കത്തിക്കാൻ പോയ മുരിക്കുംകാല വിജയൻകാണിയുടെ ഭാര്യ ഗൗരിക്കുട്ടിയാണ് വീടിരിക്കുന്ന സ്ഥലത്തുനിന്ന് 150 മീറ്റർ മാറി വഴിയിൽ നടക്കുന്ന ആനക്കൂട്ടത്തെ കണ്ടത്. പ്രദേശത്തെ സ്ഥിരംകാഴ്ചയായതിനാൽ ഇവർ പതിവുപോലെ ബഹളമുണ്ടാക്കി ആനകളെ ഓടിക്കാൻ ശ്രമിച്ചു.
എന്നാൽ, സൂക്ഷിച്ചു നോക്കിയപ്പോൾ നടുവിലായി കുട്ടിയാനയുടെ ജഡം കാണുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാരെയും തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെയും വിവരമറിയിച്ചു. നാട്ടുകാരും വനപാലകരും രാത്രി മുഴുവൻ സ്ഥലത്ത് തമ്പടിച്ചെങ്കിലും ആനക്കൂട്ടം മാറാതെനിന്നതോടെ അടുത്തേക്കു പോകാൻ കഴിഞ്ഞില്ല.
ജനം അടുത്ത് തുടങ്ങിയതോടെ മുരിക്കുംകാലയിൽനിന്ന് ഒരു കിലോമീറ്റർ ദൂരമാണ് ആനക്കുട്ടിയുടെ ജഡം അമ്മയാന തട്ടിനീക്കിക്കൊണ്ടു പോയത്. ആളനക്കം കേൾക്കുമ്പോൾ അനങ്ങാതെനിന്ന് കാലുകൾകൊണ്ട് കവചമൊരുക്കുകയായിരുന്നു അമ്മയാനയും കൂട്ടരും. ചുറ്റും കൂടിയവർ ബഹളമുണ്ടാക്കിയെങ്കിലും കുട്ടിയാനയെ വിട്ട് കാടുകയറാൻ ആനക്കൂട്ടം തയ്യാറായില്ല.
Discussion about this post