ചെറുതോണി: വഴിതെറ്റി കാട്ടില്‍ എത്തിയ 34കാരന്‍ കാട്ടാനകള്‍ വിഹരിക്കുന്ന ഉള്‍ക്കാട്ടില്‍ മരണഭയത്തോടെ കഴിഞ്ഞത് രണ്ടു രാത്രിയും ഒരു പകലും. ഉപ്പുതോട് ന്യൂ മൗണ്ട് കാരഞ്ചിയില്‍ ജോമോന്‍ ജോസഫ് ആണ് രണ്ടുദിവസം വനത്തില്‍ വഴിതെറ്റി അലഞ്ഞത്.
ഒടുവില്‍ കഴിഞ്ഞ ദിവസം രാവിലെ യുവാവ് ജനവാസമേഖലയിലെത്തി. വാഴത്തോപ്പ് പഞ്ചായത്തിലെ മണിയാറന്‍കുടി ആനക്കൊമ്പന്‍ വ്യൂ പോയിന്റ് കാണാന്‍ വെള്ളിയാഴ്ച ഉച്ചയോടെയാണ് ജോമോനും സുഹൃത്ത് വെള്ളക്കല്ലുങ്കല്‍ അനീഷ് ദാസും (30) എത്തിയത്.
എന്നാല്‍ ഇവിടെനിന്ന് ഇരുവരും രണ്ടുവഴിക്കു പിരിഞ്ഞു. ഇതിന് ശേഷം ജോമോനെ കാണാതായി. മൊബൈല്‍ സ്വിച്ച് ഓഫ് ആയതിനാല്‍ വിളിച്ച് സംസാരിക്കാനും പറ്റിയില്ല. ഇതിനിടെ അനീഷ് വിവരം നാട്ടുകാരെയും ബന്ധുക്കളെയും അറിയിച്ചിരുന്നു.
പോലീസിന്റെ സഹായത്തോടെ മേഖലയില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. നാല്‍പതു മണിക്കൂറോളം നേരത്തെ ദുരിതയാത്രയ്ക്കു ശേഷമാണ് ഒടുവില്‍ ജോമോന്‍ ജനവാസമേഖലയിലെത്തിയത്. വ്യൂ പോയിന്റില്‍ നിന്നു താഴേക്കിറങ്ങുന്നതിനിടെ താന്‍ കാട്ടാനക്കൂട്ടത്തിന്റെ മുന്നില്‍പെട്ടതായി ജോമോന്‍ പറയുന്നു.
ഒരു കൊമ്പനും നാലു പിടിയാനകളും പിന്നാലെയെത്തിയിരുന്നുവെന്നും കാട്ടാനക്കൂട്ടത്തിന്റെ മുന്നില്‍നിന്ന് ഓടി രക്ഷപ്പെട്ട് ഒരു അരുവിയ്ക്കരികിലെത്തിയതോടെ ഒരു മരത്തില്‍ കയറി ഇരുന്നു. നേരം വെളുത്തപ്പോള്‍ പുഴയോരത്തു കൂടി താഴേക്കു നടന്നു.
ആനപ്പേടിയില്‍ എല്ലാം മറന്നു നടന്നു. നടന്നു മടുത്തപ്പോള്‍ പുഴയില്‍നിന്നു വെള്ളം കോരിക്കുടിച്ചു. ശനിയാഴ്ച രാത്രിയിലും പുഴയോരത്തെ ഒരു മരത്തില്‍ കയറിയിരുന്നു. ഇന്നലെ രാവിലെ നടപ്പ് തുടര്‍ന്നു. ഒടുവില്‍ രാവിലെ ഏഴരയോടെ മലയിഞ്ചിയില്‍ എത്തിയെന്നും ഇപ്പോഴാണ് ശ്വാസം നേരെ വീണതെന്നും ഭയത്തോടെ ജോമോന്‍ പറയുന്നു.