ഭവന പദ്ധതിയിലൂടെ ഏറ്റവും കൂടുതല്‍ പേര്‍ക്ക് വീടുകള്‍ നല്‍കി: ജപ്തി ഭീഷണിയില്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ്

തിരുവനന്തപുരം: ഭവന പദ്ധതിയിലൂടെ ഏറ്റവും കൂടുതല്‍ പേര്‍ക്ക് വീടുകള്‍ നല്‍കിയതിന് അവാര്‍ഡ് നേടിയ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ജപ്തി ഭീഷണിയില്‍. ഏത് നിമിഷവും ജപ്തി ചെയ്‌തേക്കാവുന്ന വീട്ടില്‍ ആശങ്കയോടെ കഴിയുകയാണ് തിരുവനന്തപുരം കുറ്റിച്ചല്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പരുത്തിപള്ളി ചന്ദ്രന്‍.

15 വര്‍ഷം പഞ്ചായത്ത് ഭരണ സമിതികളില്‍ അംഗവും അഞ്ചു വര്‍ഷം കുറ്റിച്ചല്‍ പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു പരുത്തിപള്ളി ചന്ദ്രന്‍. ഇഎംഎസ് ഭവന പദ്ധതിയിലൂടെ പഞ്ചായത്തിലെ 150ലേറെ പേര്‍ക്ക് വീടുകള്‍ നല്‍കിയപ്പോഴും ചന്ദ്രന്‍ താമസിച്ചത് വാടക വീട്ടില്‍. ജില്ലയില്‍ കൂടുതല്‍ വീടുകള്‍ നിര്‍മിച്ചു നല്‍കിയതിന് ജില്ലാപഞ്ചായത്ത് അവാര്‍ഡും ചന്ദ്രന് ലഭിച്ചിട്ടുണ്ട്.

എന്നേക്കാള്‍ താഴ്ന്ന അവസ്ഥയിലുള്ളവരുണ്ടല്ലോ. അതുകൊണ്ട് എനിക്കായി വീടിന് അപേക്ഷിച്ചില്ല. എടുത്ത നിലപാട് ശരിയാണെന്ന് ഇപ്പോഴും കരുതുന്നു, എന്നാണ് ഭവന പദ്ധതിയില്‍ വീട് സ്വന്തമാക്കാതിരുന്നതെന്ന് ചന്ദ്രന്‍ പറഞ്ഞു.

കുടുംബസ്വത്തായി ലഭിച്ച വീടും സ്ഥലവും പൊതുപ്രവര്‍ത്തനത്തിന്റെ ഭാഗമായുണ്ടായ ബാധ്യതകളാല്‍ നഷ്ടപ്പെട്ടു. പിന്നീട് വാടക വീടുകളിലായി താമസം. പുതിയ വീടുവെക്കാന്‍ 2,70,000 രൂപ വായ്പ എടുത്തെങ്കിലും തിരിച്ചടവ് മുടങ്ങിയതോടെയാണ് ബാങ്ക് ജപ്തി നോട്ടീസ് നല്‍കിയത്.

പണി ഇനിയും പൂര്‍ത്തിയാകാത്ത വീട്ടില്‍ ഭാര്യക്കും രണ്ട് മക്കള്‍ക്കുമൊപ്പമാണ് ചന്ദ്രന്റെ താമസം. ജപ്തി നടപടികളില്‍ നിന്ന് ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ പ്രതീക്ഷിച്ചിരിക്കുകയാണ് കുടുംബം. സി.പി.എം കുറ്റിച്ചല്‍ ലോക്കല്‍ കമ്മിറ്റി അംഗമായ ചന്ദ്രന്‍, 18 വര്‍ഷം കാട്ടാക്കട ഏരിയ കമ്മിറ്റി അംഗവും ലോക്കല്‍ സെക്രട്ടറിയുമായിരുന്നു.

Exit mobile version