ഇരുകാലുകളും തളർന്ന കക്ഷിയെ തോളിലേറ്റി കോടതിയിലെത്തിച്ച വക്കീൽ ആണ് ഇന്ന് സോഷ്യൽമീഡിയയിലെ താരം. കോട്ടയം മാങ്ങാനം സ്വദേശി റായിൻ ആണ് ആ മനുഷ്യ സ്നേഹിയായ വക്കീൽ. കോടതി സാക്ഷി വിസ്താരത്തിന് വിളിച്ചപ്പോഴാണ് തന്റെ കക്ഷിയായ ഏറ്റുമാനൂർ കല്ലമ്പാറ സ്വദേശി സജീവനെ റായിൻ വക്കീൽ തോളിലേറ്റിയത്. ഇതിന്റെ വീഡിയോ ഇപ്പോൾ സൈബറിടത്ത് തരംഗമാണ്.
കോട്ടയം ഏറ്റുമാനൂർ മുൻസിഫ് കോടതിയിലാണ് സംഭവം നടന്നത്. നിർമാണത്തെ തുടർന്ന് കോടതി താത്കാലികമായി മാറ്റിയത് സജീവൻ അറിഞ്ഞിരുന്നില്ല. കെട്ടിടത്തിന്റെ താഴത്തെ നിലയിലായിരുന്നു കോടതി പ്രവർത്തിച്ചിരുന്നത്.
വികലാംഗനായ സജീവന് താഴെ കോടതിയിൽ എത്താൻ പറ്റാത്ത സാഹചര്യം ആണെന്ന് കണ്ടപ്പോൾ പെട്ടെന്ന് മനസ്സിൽ തോന്നിയത് തോളിലേറ്റി എത്തിക്കാനായിരുന്നുവെന്ന് റായിൻ പറയുന്നു. അപകടം സംഭവിച്ച് റോഡിൽ കിടക്കുന്ന വ്യക്തിക്ക് ആരോഗ്യ ശേഷി ഉണ്ടോ എന്നറിഞ്ഞിട്ടല്ലല്ലോ എടുക്കുന്നത്.
ആ ഒരു കോമൺസെൻസ് തന്നെയാണ് ഇവിടെയും പ്രവർത്തിച്ചതെന്നും അദ്ദേഹം പറയുന്നു. കോടതി പ്രത്യേകം നിർബന്ധം പിടിക്കുകയോ നിർദേശിച്ചിട്ടോ അല്ല സജീവനെ തോളിലേറ്റിയതെന്നും, ആ സമയം അങ്ങനെ ചെയ്യാനാണ് തോന്നിയതെന്നും റായിൻ കൂട്ടിച്ചേർത്തു. മുൻകൂട്ടി തീരുമാനിച്ചിരുന്നതല്ലെന്നും സജീവനും പറയുന്നു.