കിളിമാനൂർ: കായലിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച യുവതിയെ വീണ്ടും ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ടുവന്ന് 22 കാരൻ വിഷ്ണു. കിളിമാനൂർ സ്വദേശിയായ ഈ യുവാവിനെ ഇന്ന് അഭിനന്ദനം കൊണ്ട് മൂടുകയാണ് നാടും നാട്ടുകാരും. കഴിഞ്ഞ ദിവസം രാവിലെ 10-നായിരുന്നു സംഭവം. ദേശീയപാതയിൽ തോട്ടപ്പള്ളി സ്പിൽവേ പാലത്തിൽനിന്ന് ജീവനൊടുക്കാനായി കായലിലേക്ക് ചാടിയതാണ് യുവതി.
തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക് പോകാനായി തമ്പാനൂരിൽ നിന്ന് കെ.എസ്.ആർ.ടി.സി. ബസിൽ യാത്ര ചെയ്യുകയായിരുന്നു വിഷ്ണു. ബസ് തോട്ടപ്പള്ളി പാലത്തിലെത്തിയപ്പോൾ മുന്നിൽ ഒരു പെൺകുട്ടി കായലിലേക്ക് ചാടിയത് ബസ് ജീവനക്കാരും യാത്രികരും കണ്ടു. പിന്നീട് ഒരു നിമിഷം പോലും കളയാതെ വിഷ്ണു ബസിൽ നിന്നിറങ്ങി കായലിലേയ്ക്ക് എടുത്ത് ചാടുകയായിരുന്നു.
മുങ്ങിത്താഴാതെ സാഹസികമായി രക്ഷപ്പെടുത്തിയപ്പോൾ പെൺകുട്ടിയെ കരയിലെത്തിക്കുന്നതിന് സഹായവുമായി മറ്റൊരു യാത്രക്കാരനുമെത്തി. വിഷ്ണു യുവതിയെ രക്ഷിച്ച് കരയിലേക്ക് എത്തിച്ചപ്പോഴേയ്ക്കും ബസ് അതിന്റെ യാത്ര തുടർന്നിരുന്നു. എന്നാൽ, ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ രേഖകളടങ്ങിയ ബാഗ് ബസിനുള്ളിലായിരുന്നതിനാൽ പ്രദേശവാസിയുടെ ബൈക്കിൽ ഏറെ ദൂരം പിന്തുടർന്നാണ് വിഷ്ണു ബസിനെ കണ്ടെത്തിയത്.
ഏറെ ബുദ്ധിമുട്ടുകൾ ഉണ്ടായെങ്കിലും ഒരു ജീവൻ രക്ഷിക്കാനായതിന്റെ സന്തോഷമുണ്ടെന്ന് വിഷ്ണു പറയുന്നു. തങ്കൻ-കുമാരി ദമ്പതിമാരുടെ മകനാണ്. തിരുവനന്തപുരം കേശവദാസപുരത്തെ സ്വകാര്യ കൺസ്ട്രക്ഷൻ കമ്പനിയിലെ ജീവനക്കാരനാണ് വിഷ്ണു.