ബാങ്കില്‍ ലക്ഷങ്ങള്‍, വീടും വള്ളവും: സ്വര്‍ഗ്ഗസമാനമായ ജീവിതമായി; പ്രധാനമന്ത്രിയെ നേരില്‍ കാണാന്‍ കാത്തിരിപ്പിലാണ് രാജപ്പന്‍

കോട്ടയം: വീടും വള്ളവും എല്ലാം ആയി. ഇനി എല്ലാത്തിനും കാരണമായ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ നേരില്‍ കാണണം. 2021 ജനുവരി 31 ലെ മന്‍ കി ബാത് പ്രഭാഷണമാണ് കുമരകം മഞ്ചാടിക്കരി രാജപ്പന്റെ ജീവിതം മാറ്റിമറിച്ചത്. വള്ളത്തില്‍ പോയി ശേഖരിക്കുന്ന പ്ലാസ്റ്റിക്കുകള്‍ ആക്രിക്കടയില്‍ വിറ്റ് ഉപജീവനം നടത്തിയിരുന്ന രാജപ്പന്റെ പേരില്‍ ബാങ്കില്‍ ലക്ഷങ്ങളുടെ നിക്ഷേപം. വെള്ളപ്പെക്കത്തില്‍ തകര്‍ന്ന കുടിലിനു പകരം മനോഹരമായ വീട്. കൊതുമ്പുവള്ളത്തിനു പകരം സ്വന്തമായി 5 ഫൈബര്‍ ബോട്ടുകള്‍ എല്ലാം കിട്ടി.

രാജപ്പന്‍ കായലില്‍ കുപ്പികള്‍ ശേഖരിക്കുന്നതിനിടെ പ്രദേശവാസിയായ നന്ദു പകര്‍ത്തി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെയാണ് രാജപ്പന്‍ വൈറലായത്. പത്രവാര്‍ത്തകളിലും രാജപ്പന്‍ നിറഞ്ഞു. തുടര്‍ന്നാണ് പ്രധാനമന്ത്രിയുടെ ശ്രദ്ധയിലും എത്തിയത്. ഈ ജലസ്രോതസുകള്‍ മലിനമാകുന്നത് കണ്ടാണ് രാജപ്പന്‍ വള്ളത്തില്‍ പ്ലാസ്റ്റിക് കവറുകളും കുപ്പികളും പെറുക്കുന്നതിനായി ഇറങ്ങിയത്. രാവിലെ തോട്ടില്‍ കെട്ടിയിട്ട വള്ളത്തിനരികിലേക്ക് നിരങ്ങിയെത്തും.

ഇതുമായി കായലിലേയ്ക്കിറങ്ങും. രാജപ്പന്റെ എല്ലാ ദിവസവും തുടങ്ങുന്നത് ഇങ്ങനെയാണ്. കുമരകം മുതല്‍ കോട്ടയം വരെ മീനച്ചിലാറ്റിലും തോടുകളിലും കായലിലുമെല്ലാം രാജപ്പനെത്തും. വൈകുന്നേരമാവുന്നതോടെ കുപ്പികള്‍ പെറുക്കി മടങ്ങും. ഒരു കിലോക്ക് 12 രൂപ വരെയാണ് കിട്ടുക. പ്ലാസ്റ്റിക് കുപ്പികളായതിനാല്‍ വലിയ തൂക്കമുണ്ടാവില്ല. കടവില്‍ കൂട്ടിയിട്ട് കുറച്ചധികം കുപ്പികളാകുമ്പോഴെ വില്‍ക്കൂ. വാടകക്കെടുത്ത വള്ളത്തിലാണ് നേരത്തെ കുപ്പി പെറുക്കാനിറങ്ങിയിരുന്നത്. നാട്ടുകാരും സന്നദ്ധ പ്രവര്‍ത്തകരും സഹായിച്ച് ഒടുവില്‍ രാജപ്പന് സ്വന്തമായി ഒരു വള്ളം ലഭിച്ചു.

വീടിനു സമീപത്തെ കടവില്‍ വള്ളം അടുപ്പിച്ചതിന് ശേഷം വള്ളത്തില്‍ നിന്നും ചെറിയ പലക കരയിലേക്കിട്ട് അതിലൂടെ നിരങ്ങിയാണ് വീട്ടിലേക്ക് എത്തുന്നത്. ശേഖരിക്കുന്ന കുപ്പികള്‍ മറ്റും മറ്റുള്ളവരുടെ സഹായത്തിലാണ് കരയിലേക്ക് ഇറക്കിവെക്കുന്നത്. ശേഖരിച്ച് വെയ്ക്കുന്ന കുപ്പികള്‍ കച്ചവടക്കാര്‍ക്ക് നല്കുകയാണ് ചെയ്യുന്നത്. മറ്റ് ജോലികള്‍ ചെയ്യാന്‍ ആരോഗ്യം സമ്മതിക്കാത്തതിനാല്‍ കായലിലെ കുപ്പികള്‍ പെറുക്കി വിറ്റു കിട്ടുന്ന തുക ഉപജീവന മാര്‍ഗവുമായി ജീവിച്ച രാജപ്പന്റെ ജീവിതം മാറ്റി മറിക്കുന്നതായിരുന്ന മോഡിയുടെ പ്രശംസ.

ശേഷം സഹായങ്ങള്‍ പലരൂപത്തില്‍ എത്തി. തായ്വാന്‍ സുപ്രീം മാസ്റ്റര്‍ ചിങ് ഹായ് ഇന്റര്‍നാഷണലിന്റെ വേള്‍ഡ് പ്രൊട്ടക്ഷന്റെ 10,000 യുഎസ് ഡോളറും (8 ലക്ഷം രൂപ) പ്രശംസാപത്രവും അടങ്ങുന്ന പുരസ്‌കാരമായിരുന്നു അതില്‍ വലുത്.

സ്‌ക്രാപ്പ് മര്‍ച്ചന്റ്സ് അസോസിയേഷന്‍ രാജപ്പന്റെ, സ്വന്തമായൊരു വള്ളവും എന്‍ജിനുമെന്ന സ്വപ്നം സഫലമാക്കി. കിടപ്പാടമെന്ന സ്വപ്നസാക്ഷാത്കാരത്തിനായി പ്രവാസി മലയാളികള്‍ ആദ്യ ധനസഹായവും ചെയ്തു. നിരവധി പരിസ്ഥിതി സംഘടനകളും വ്യക്തികളും പണം നല്‍കി.

പോളിയോ ബാധിച്ച് രണ്ടുകാലിനും സ്വാധീനമില്ലാത്ത അവിവാഹിതനായ രാജപ്പന്റെ കാര്യങ്ങള്‍ ബന്ധുക്കളാണ് നോക്കുന്നത്. പ്രകൃതിയുടെ ഈ രക്ഷകന് സ്വര്‍ഗ്ഗസമാന ജീവീതം സമ്മാനിച്ച മോഡിജിയെ നേരില്‍ കാണുക എന്നതു മാത്രം. ബിജെപി മേഖല ജനറല്‍സെക്രട്ടറി ടി എന്‍ ഹരി രാജപ്പനെ വീട്ടിലെത്തി സന്ദര്‍ശിച്ചു.

Exit mobile version