തിരുവനന്തപുരം: മലയാളികളുടെ അഭിമാനം വനോളം ഉയര്‍ത്തി, 2023ല്‍ സന്ദര്‍ശിക്കേണ്ട 52 സ്ഥലങ്ങളുടെ പട്ടികയില്‍ കേരളവും ഇടം പിടിച്ചു. വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായി മാറിയ കേരളം ആഗോളതലത്തില്‍ ശ്രദ്ധപിടിച്ചുപറ്റുകയാണ്.
ന്യൂയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിച്ച 2023ല്‍ സന്ദര്‍ശിക്കേണ്ട 52 സ്ഥലങ്ങളുടെ പട്ടികയിലാണ് കേരളവും ഇടം പിടിച്ചത്. പതിമൂന്നാം സ്ഥാനമാണ് കേരളം സ്വന്തമാക്കിയിരിക്കുന്നത്. കുമരകം, മറവന്‍തുരുത്ത് പോലുളള സ്ഥലങ്ങളെ കുറിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ എടുത്ത് പറയുന്നുണ്ട്. ഇന്ത്യയില്‍ നിന്ന് കേരളം മാത്രമാണ് ഈ പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്.
ലണ്ടന്‍, പാം സ്പ്രിംഗ്സ്, ഗ്രീന്‍വില്ല, മോറിയോക്ക അടക്കമുളള സ്ഥലങ്ങളുടെ കൂട്ടത്തിലാണ് കേരളവും ഉള്‍പ്പെട്ടിരിക്കുന്നത്. കേരളത്തിന്റെ നേട്ടത്തില്‍ സന്തോഷം പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസും രംഗത്ത് വന്നിട്ടുണ്ട്.
പിണറായി വിജയന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ..
കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയെ തേടി വീണ്ടും അന്താരാഷ്ട്ര അംഗീകാരം. വൈവിധ്യങ്ങള്‍ തേടി ലോക സഞ്ചാരത്തിനിറങ്ങുന്നവര്‍ക്കായി പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ ന്യൂയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിച്ച പട്ടികയില്‍ ഇടം നേടിയിരിക്കുകയാണ് കേരളം. വിനോദ സഞ്ചാരികള്‍ ഈ വര്‍ഷം സന്ദര്‍ശിക്കേണ്ട 52 സ്ഥലങ്ങളുടെ പട്ടികയില്‍ 13-ാംസ്ഥാനത്താണ് കേരളത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഗ്രാമീണസൗന്ദര്യം ആസ്വദിക്കാന്‍ ഉത്സവകാലങ്ങളില്‍ കേരളം സന്ദര്‍ശിക്കാം എന്ന ടാഗ് ലൈനോടു കൂടിയാണ് കേരളത്തെ ന്യൂയോര്‍ക്ക് ടൈംസ് പരിചയപ്പെടുത്തുന്നത്. കുമരകം, മറവന്‍തുരുത്ത്, വൈക്കം എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങളെ കുറിച്ച് പ്രത്യേക പരാമര്‍ശവും ഇതിലുണ്ട്. കേരളത്തിന്റെ ഉത്തരവാദിത്ത ടൂറിസം മിഷന്‍ പ്രവര്‍ത്തനങ്ങളെയും ന്യൂയോര്‍ക്ക് ടൈംസ് ശ്ലാഘിച്ചത് ഏറെ അഭിമാനകരമായ കാര്യമാണ്.
കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയെ ലോകോത്തരമാക്കാന്‍ വിവിധ നടപടികള്‍ സ്വീകരിച്ചുവരികയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍. കോവിഡ് മഹാമാരി മൂലം ഈ മേഖലക്കുണ്ടായ പ്രതിസന്ധികള്‍ മറികടക്കാനും സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ ഏറ്റെടുത്തു നടപ്പിലാക്കുന്നു. ലോകോത്തരമായ ടൂറിസ്റ്റ് കേന്ദ്രമായി കേരളത്തെ മാറ്റിയെടുക്കാന്‍ നമുക്ക് സാധിക്കണം. വിനോദ സഞ്ചാരമേഖലക്ക് ലഭിക്കുന്ന ഇത്തരത്തിലുള്ള അംഗീകാരങ്ങള്‍ ഈ പരിശ്രമങ്ങള്‍ക്ക് ശക്തി പകരട്ടെ.
Discussion about this post