തിരുവനന്തപുരം: കോവളം ബീച്ചില്‍ ബോട്ടുകള്‍ തമ്മില്‍ കൂട്ടിമുട്ടിയുണ്ടായ അപകടത്തെ തുടര്‍ന്ന് വിനോദസഞ്ചാരി പാരാസെയിലിംഗ് ബലൂണുമായി കടലില്‍ പതിച്ചു. ബോട്ടിലുണ്ടായിരുന്നവര്‍ ഇയാളെ കരയ്‌ക്കെത്തിച്ചു. കോവളം ബീച്ചില്‍ ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയാടെയാണ് അപകടം നടന്നത്.
കടലില്‍ വിനോദസഞ്ചാരിയുമായി പാരാസെയിലിംഗ് നടത്തിക്കൊണ്ടിരുന്ന ബോട്ടും കരയില്‍ നിന്നും വിനോദ സഞ്ചാരികളെ എത്തിക്കുന്ന ബോട്ടുമാണ് അപ്രതീക്ഷിതമായി കൂട്ടിമുട്ടിയത്. ഇതിനിടെ ബോട്ടിന്റെ വേഗത കുറഞ്ഞതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് ബലൂണും പാരാസെയിലിംഗ് നടത്തിക്കൊണ്ടിരുന്നയാളും കടലിലേക്ക് വീഴുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
എന്നാല്‍ നടന്നത് അപകടമല്ലെന്നും ബോട്ടുകള്‍ തമ്മില്‍ തട്ടിയപ്പോള്‍ അപകടം ഉണ്ടാകാതിരിക്കാന്‍ പാരാസെയിലര്‍ വാട്ടര്‍ലാന്റിംഗ് നടത്തിയതാണെന്നാണ് പാരാസെയിലിംഗ് നടത്തുന്ന കമ്പനി അധികൃതര്‍ പറയുന്നത്. കടലില്‍ പാരാസെയിലിംഗ് നടത്തുമ്പോള്‍ കാറ്റിന്റെ ഗതി മാറ്റം, കടലിന്റെ പ്രക്ഷുബ്ധാവസ്ഥ, അപകടസാധ്യത തുടങ്ങിയ അവസരങ്ങളില്‍ വാട്ടര്‍ലാന്റിംഗ് പതിവാണെന്നും അതാണ് ഇന്നലെയും സംഭവിച്ചതെന്നും അവര്‍ അറിയിച്ചു.
അപകടം സംബന്ധിച്ച് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് വിഴിഞ്ഞം തീരദേശ പോലീസും വ്യക്തമാക്കി. 2021 ല്‍ ആണ് കേരളത്തിലെ ആദ്യത്തെ പാരാ സെയിലിംഗ് കോവളം ഹവ്വാ ബീച്ച് കേന്ദ്രമാക്കി ആരംഭിച്ചത്. അന്നത്തെ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.
ബോണ്ട് അഡ്വഞ്ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡാണ് കോവളത്ത് പാരാ സെയിലിംഗ് ആരംഭിച്ചത്. ഗോവയില്‍ നിര്‍മ്മിച്ച വിഞ്ച് പാരാസെയില്‍ ബോട്ടാണ് കോവളത്തെ പാരാ സെയ്‌ലിംഗിനായി ഉപയോഗിക്കുന്നത്. വിനോദസഞ്ചാരികളെ ഒരു ഫീഡര്‍ ബോട്ട് ഉപയോഗിച്ച് ഇതിലേക്ക് കൊണ്ടുപോകുകയാണ് ചെയ്യുന്നത്. ബോട്ടില്‍ ഉപയോഗിച്ചിരിക്കുന്ന പാരാസെയിലുകള്‍ യുകെയില്‍ നിന്ന് ഇറക്കുമതി ചെയ്തവയാണ്.