അടിമാലി: സുഹൃത്ത് മനോജിനെ കൊലപ്പെടുത്തണമെന്ന ലക്ഷ്യത്തോടെയാണ് പ്രതി സുധീഷ് മദ്യത്തിൽ കീടനാശിനി കലർത്തിയത്. എന്നാൽ സുഹൃത്തിന് പകരം മരിച്ചത് തന്റെ പ്രിയപ്പെട്ട അമ്മാവനായതാണ് സുധീഷിന് തിരിച്ചടിയായത്. മാതൃസഹോദരനായ കുഞ്ഞുമോൻ കഴിഞ്ഞ ദിവസമാണ് ചികിത്സയിലിരിക്കെ മരണപ്പെട്ടത്. ഇതോടെ സുധീഷിന്റെ കള്ളത്തരങ്ങൾ ഓരോന്നായി വെളിപ്പെടുകയായിരുന്നു.
വെള്ളം ചേർക്കാതെ മദ്യം കഴിച്ചതോടെയാണു കുഞ്ഞുമോൻ ആദ്യം അവശതയിലായത്. ഉടൻ തന്നെ കുഞ്ഞുമോന് സുധീഷ് ഉപ്പുകലക്കിയ വെള്ളം കൊടുത്ത് ഛർദ്ദിപ്പിക്കാൻ ശ്രമം നടത്തി. 3 പേരെയും ആശുപത്രിയിൽ എത്തിക്കുന്നതിനു മുന്നിൽ നിന്നതും സുധീഷാണ്. എന്നാൽ കുഞ്ഞുമോൻ അവശനിലയിലായതോടെ സുധീഷിനുണ്ടായിരുന്ന വെപ്രാളവും സംശയത്തിനിടയാക്കി.
വഴിയിൽക്കിടന്നു ലഭിച്ച മദ്യമായിരുന്നു ഇതെന്നും താൻ ഫോൺ ചെയ്തു വരുത്തിയാണ് 3 പേർക്കും കൊടുത്തതെന്നുമാണ് ഇയാൾ പൊലീസിനെയും നാട്ടുകാരെയും ധരിപ്പിച്ചത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരും സുധീഷിനെ അവിശ്വസിച്ചിരുന്നില്ല. സംഭവം നടന്നയുടൻ സുധീഷിനെ പോലീസ് ചോദ്യം ചെയ്തെങ്കിലും ഇയാൾ കുറ്റവാളിയാണെന്ന സംശയം പൊലീസിനും ഉണ്ടായിരുന്നില്ല.
തെളിവു നശിപ്പിക്കുന്നതിന് മദ്യക്കുപ്പി ഇയാൾ കത്തിക്കാനും ശ്രമം നടത്തിയിരുന്നു. വ്യാഴാഴ്ച രാവിലെ കുഞ്ഞുമോൻ മരിച്ചതോടെ വീണ്ടും സുധീഷിനെ ചോദ്യം ചെയ്യുന്നതിനു ജില്ലാ പൊലീസ് മേധാവി വി.യു.കുര്യാക്കോസിന്റെ നേതൃത്വത്തിൽ പൊലീസെത്തി. മദ്യം വഴിയിൽക്കിടന്നു കിട്ടിയതാണെന്നാണ് ആദ്യം പറഞ്ഞെങ്കിലും പിന്നീട് താൻ വാങ്ങിയതാണെന്നു പ്രതി സമ്മതിക്കുകയായിരുന്നു. കീടനാശിനി കലക്കിയതും താനാണെന്ന് സുധീഷ് സമ്മതിച്ചു. മൊഴികളിലെ വൈരുദ്ധ്യവും സുധീഷിനുള്ളിലെ കൊലയാളിയെ വെളിപ്പെടുത്തുകയായിരുന്നു.
Discussion about this post