ഇടുക്കി: അടിമാലിയില്‍ യുവാവ് മദ്യം കഴിച്ച് മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. മരിച്ച കുഞ്ഞുമോന്റെ ബന്ധുവായ സുധീഷാണ് കേസിലെ പ്രതി. കുഞ്ഞുമോന്റെ ഒപ്പമുണ്ടായിരുന്ന മനോജിനെ കൊല്ലുകയായിരുന്നു സുധീഷിന്റെ ലക്ഷ്യം. ഇതിനായി മദ്യം വാങ്ങി സിറിഞ്ച് ഉപയോഗിച്ച് വിഷം കലര്‍ത്തുകയായിരുന്നു.
ബീവറേജില്‍ നിന്നും മദ്യം വാങ്ങിയ ശേഷം ഇയാള്‍ വിഷം കലര്‍ത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ചയാണ് കുഞ്ഞുമോന്, അനില്‍കുമാര്‍, മനോജ് എന്നിവര്‍ മദ്യം കഴിക്കുന്നത്. വഴിയില്‍ കിടന്ന് കിട്ടിയ മദ്യമെന്ന് പറഞ്ഞ് സുധീഷാണ് മൂന്ന് പേര്‍ക്കും മദ്യം നല്‍കുന്നത്. സംശയത്തെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്. പ്രതി കുറ്റം സമ്മതിച്ചു.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്. വഴിയില്‍ നിന്ന് ലഭിച്ചതെന്ന വ്യാജേന മദ്യം കുഞ്ഞുമോനും കൂട്ടര്‍ക്കും നല്കി. സുധീഷ് ഇത് കഴിച്ചില്ല. വിഷം കലര്‍ത്തിയ മദ്യം കഴിച്ചതിനെ തുടര്‍ന്ന് മൂന്ന് പേര്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് മൂവരേയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും കുഞ്ഞുമോന് ചികിത്സക്കിടെ മരിക്കുകയും ചെയ്തു.
സുധീഷും മനോജും തമ്മില്‍ ചില സാമ്പത്തിക തര്‍ക്കങ്ങളുണ്ടായിരുന്നുവെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പോലീസ് വ്യക്തമാക്കി.
Discussion about this post