കണ്ണൂര്‍: ഹോട്ടലിലെ ഷവര്‍മ സ്റ്റാന്‍ഡില്‍ കയറിയിരുന്ന് പൂച്ചകള്‍ ചിക്കന്‍ കഴിക്കുന്ന വീഡിയോ വൈറലായതിന് പിന്നാലെ ഹോട്ടല്‍ അടപ്പിച്ച അധികൃതര്‍. പയ്യന്നൂര്‍ നഗരസഭ കേളോത്ത് അബ്ദുള്‍ റഹ്‌മാന്റെ ഉടമസ്ഥതയിലുള്ള മജ്‌ലീസ് ഹോട്ടലാണ് അടപ്പിച്ചത്.
ഹോട്ടലിനെതിരെയും ഹോട്ടലുടമയ്‌ക്കെതിരെയും നഗരസഭ ആരോഗ്യ വിഭാഗമാണ് നടപടി സ്വീകരിച്ചത്. സ്ഥാപനത്തിന് പുറത്ത് ഭക്ഷണം അടച്ചുറപ്പില്ലാതെ അശ്രദ്ധമായി വച്ചതിനാലാണ് പൂച്ച കയറി കഴിച്ചതെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്.
പൂച്ചകള്‍ ഷവര്‍മ സ്റ്റാന്‍ഡില്‍ കയറി ഇരുന്ന് ചിക്കന്‍ കഴിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഒന്നടങ്കം വൈറലായിരുന്നു. ഷവര്‍മ തയ്യാറാക്കുന്നയാള്‍ ഇല്ലാതിരുന്ന സമയത്താണ് രണ്ട് പൂച്ചകള്‍ പാത്രത്തില്‍ കയറി ഇരുന്ന് ചിക്കന്‍ കഴിച്ചത്.
ഹോട്ടലിലെ ഗ്യാസ് സിലിണ്ടര്‍ മാറ്റാന്‍ ജീവനക്കാരന്‍ പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് പൂച്ചകള്‍ കയറി ഷവര്‍മ കഴിച്ചത്. അതേസമയം, പൂച്ച കഴിച്ചതിനെ തുടര്‍ന്ന് ഷവര്‍മ വിതരണം ചെയ്തില്ലെന്നും ചിക്കന്‍ നശിപ്പിച്ച് കളഞ്ഞതായും ഹോട്ടലുടമ വിശദീകരണം നല്‍കിയിരുന്നു.
എന്നാല്‍ നിലവിലുള്ള അപാകതകള്‍ പരിഹരിച്ച് മാത്രമേ ഹോട്ടല്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയുള്ളൂയെന്ന് നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.