കാസർകോട്: പരവനടുക്കം തലക്ലായി ബേനൂർ ശ്രീനിലയത്തിൽ അഞ്ജുശ്രീ പാർവതിയുടെ മരണത്തിലെ ദുരൂഹതകൾ നീക്കി രാസപരിശോധനാഫലം. 19കാരിയായ അഞ്ജുശ്രീ മരണപ്പെട്ടത് എലിവിഷം ഉള്ളിൽചെന്നാണെന്നാണ് ഫലം പറയുന്നത്. കൂടിയ അളവിൽ എലിവിഷം ഉള്ളിൽ ചെന്നതാണ് മരണത്തിനിടയാക്കിയത്. വിഷം ഉള്ളിൽച്ചെന്ന് കരൾ തകർന്നാണ് അഞ്ജുശ്രീ മരിച്ചതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലെയും സൂചന.
ഇതിനെ ശരിവെച്ചാണ് രാസപരിശോധനാ ഫലവും എത്തിയത്. നേരത്തെ അഞ്ജുശ്രീ മരിച്ചത് ഭക്ഷ്യവിഷബാധയെ തുടർന്നാണെന്നാണ് പ്രചരണമുണ്ടായത്. എന്നാൽ, ഭക്ഷ്യസുരക്ഷാവകുപ്പ് ആ സാധ്യത തള്ളിക്കളഞ്ഞു. മൊഴികളിലെ വൈരുധ്യം കണക്കിലെടുത്തായിരുന്നു അത്. ഇതോടെ അന്വേഷണം ശക്തമാക്കിയ പോലീസ് അഞ്ജുശ്രീയുടേതെന്ന് സംശയിക്കുന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി.
സബ് ഡിവിഷണൽ മജിസ്ട്രേറ്റിന് കൈമാറി. സുഹൃത്തിന്റെ മരണവുമായി ബന്ധപ്പെട്ടുണ്ടായ മാനസികസമ്മർദം താങ്ങാനാകാതെ ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് കുറിപ്പിലെ സൂചന. അഞ്ജുശ്രീയുടേത് ആത്മഹത്യയാണെന്ന് ഉറപ്പിക്കുന്നതിനുള്ള ഡിജിറ്റൽ തെളിവുകളും പോലീസ് ശേഖരിച്ചു. പുതുവർഷാഘോഷത്തിന്റെ ഭാഗമായി ഡിസംബർ 31-നാണ് വീട്ടുകാർ ഓൺലൈനിൽ കുഴിമന്തി വാങ്ങിയത്. ജനുവരി ഏഴിന് പുലർച്ചെയാണ് അഞ്ജുശ്രീ മരിച്ചത്.
Discussion about this post