തിരുവനന്തപുരം: സിനിമയിൽ അവസരം വന്നപ്പോൾ ലോകത്തോട് വിടപറഞ്ഞ കോടിയേരി ബാലകൃഷ്ണൻ പറഞ്ഞ വാക്കുകൾ ഓർത്ത നിയമസഭാ സ്പീക്കർ എഎൻ ഷംസീർ. കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തോട് അനുബന്ധിച്ച് സിനിമയും എഴുത്തും എന്ന വിഷയത്തിൽ സംഘടിപ്പിച്ച ചർച്ചയിലാണ് നിയമസഭാ സ്പീക്കർ തനിക്ക് ലഭിച്ച സിനിമ അവസരത്തെ കുറിച്ചും കോടിയേരിയുടെ ഉപദേശത്തെ കുറിച്ചും ഷംസീർ മനസ് തുറന്നത്. നടനും നിർമാതവുമായ മണിയൻപിള്ള രാജുവിന്റെ ‘ചിരിച്ചും ചിരിപ്പിച്ചും’ എന്ന പുസ്തകവും പ്രകാശനം ചെയ്തു.
2014 ലോകസഭ തെരഞ്ഞെടുപ്പ് കാലത്ത് ഇപ്പോഴത്തെ നിയമസഭ സ്പീക്കർ എ എൻ ഷംസീർ വടകര ലോകസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നു. എതിരാളിയായി നിന്നിരുന്നത് മുല്ലപ്പള്ളി രാമചന്ദ്രൻ ആണ്. ആ തെരഞ്ഞെടുപ്പിൽ 3306 വോട്ടുകൾക്ക് എഎൻ ഷംസീർ തോറ്റു. അപ്പോഴാണ് സംവിധായകൻ രഞ്ജിത്തിന്റെ ഒരു ഫോൺ വിളി ഷംസീറിനെ തേടിയെത്തുന്നത്. തന്റെ സിനിമയിൽ ഒരു സീനിൽ അഭിനയിക്കാമോ എന്നായിരുന്നു ലഭിച്ച ഓഫർ.
ആദ്യമൊക്കെ ഒഴിഞ്ഞ് മാറിയെങ്കിലും നിർബന്ധം കൂടിയപ്പോൾ തന്റെ രാഷ്ട്രീയ ഗുരുവായ കോടിയേരി ബാലകൃഷ്ണന്റെ അടുക്കൽ എത്തിയെന്ന് ഷംസീർ പറയുന്നു. കോടിയേരി സഖാവിന്റെ അഭിപ്രായം തേടിയിട്ട് സിനിമയിൽ അഭിനയിക്കാമെന്ന് തീരുമാനിച്ചു. അങ്ങനെ അദ്ദേഹത്തോട് വിഷയം അവതരിപ്പിച്ചു. സംവിധായകൻ രഞ്ജിത്തിന്റെ സിനിമയിലെ ഒരു സീനിൽ അഭിനയിക്കാൻ ക്ഷണമുണ്ട് എന്ന് അറിയിച്ചു.
ഒരു നിമിഷം ഷംസീറിനെ നോക്കിയ കോടിയേരി, ‘ നീ തിരഞ്ഞെടുപ്പിൽ തോറ്റു നിൽക്കുകയാണ്, ഇപ്പോൾ നീ പോയി അഭിനയിച്ചാൽ, അയാൾ തിരഞ്ഞെടുപ്പിൽ തോറ്റു ഇപ്പോൾ സിനിമയിൽ പോയി ഇരിക്കുകയാണ് എന്ന് നാട്ടുകാർ പറയും. അതുകൊണ്ട് വേണ്ടാത്ത പണിക്ക് ഒന്നും നിൽക്കണ്ട, നീ ഈ പണി തന്നെ എടുത്താൽ മതി”യെന്നും പറഞ്ഞു. ഇതോടെയാണ് ആ സിനിമാ മോഹം വേണ്ടെന്ന് വെച്ചതെന്ന് ഷംസീർ പറയുന്നു.
Discussion about this post