കേരള പോലീസില്‍ പ്രശ്നക്കാരും ക്രിമിനല്‍ കേസ് പശ്ചാത്തലമുള്ളവരുമായ ഉദ്യോഗസ്ഥരെ പിരിച്ചുവിടുന്നത് തുടരുന്നു. ഇന്‍സ്പെക്ടര്‍ പിആര്‍ സുനുവിനെ പിരിച്ചുവിട്ടതിന് പിന്നാലെയാണ് സിഐ ജയസനിലിന് എതിരെയും പോലീസ് സേന നടപടിക്ക് ഒരുങ്ങുന്നത്.
സിഐയ്ക്ക് എതിരായ നടപടി ക്രമങ്ങളുടെ ഭാഗമായി പിരിച്ചു വിടാതിരിക്കാനുള്ള കാരണം കാണിക്കല്‍ നോട്ടീസ് ജയസനിലിന് നല്‍കാനാണ് നീക്കം. അയിരൂര്‍ എസ്എച്ച്ഒ ആയിരുന്ന സമയത്ത് ജയസനില്‍ പോക്സോ കേസ് പ്രതിയായ യുവാവിനെ പീഡിപ്പിച്ചെന്ന പരാതി ഉയര്‍ന്നിരുന്നു. ഈ കേസില്‍ അന്വേഷണം നേരിടുകയാണ്.
കൂടാതെ, ഇയാള്‍ക്കെതിരെ വിജിലന്‍സും അന്വേഷണം നടത്തുന്നുണ്ട്. കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാനുളള ഫയല്‍ നീക്കം പോലിസ് ആസ്ഥാനത്ത് തുടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട 17-കാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ യുവാവിനെ ജയസനില്‍ പീഡനത്തിന് ഇരയാക്കി എന്നാണ് കേസ്.
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതി ലഭിച്ചത് ജയസനിലിനായിരുന്നു. ഗള്‍ഫിലായിരുന്ന പ്രതിയെ ജയസനില്‍ വിളിച്ചുവരുത്തി. സഹോദരനൊപ്പം കാണാനെത്തിയ പ്രതിയോട് തന്റെ ചില താത്പര്യങ്ങള്‍ പരിഗണിക്കണമെന്നും സഹകരിച്ചാല്‍ കേസില്‍ നിന്നും ഒഴിവാക്കി തരാമെന്നും അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് ജയസനില്‍ ആവശ്യപ്പെട്ട പ്രകാരം യുവാവ് സിഐ താമസിക്കുന്ന ക്വാര്‍ട്ടേഴ്സിലേക്ക് എത്തിയിരുന്നു. ഇവിടെ വെച്ച് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതിക്കാരന്റെ ആരോപണം. ഇതു കൂടാതെ കേസ് അവസാനിപ്പിക്കാന്‍ അന്‍പതിനായിരം രൂപയും ജയസനില്‍ പ്രതിയില്‍ നിന്നും കൈപ്പറ്റിയിരുന്നു.
പിന്നീട് കേസില്‍ നിന്നും ഒഴിവാക്കാന്‍ തയ്യാറാവാതിരുന്ന സിഐ പ്രതിക്കെതിരെ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തി. കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തതിന് പിന്നാലെ പോക്സോ കേസില്‍ കുറ്റപത്രവും സമര്‍പ്പിച്ചു.
പിന്നീട് സിഐ തന്നെ പീഡിപ്പിച്ച വിവരം ഭാര്യയോട് വെളിപ്പെടുത്തിയ പോക്സോ കേസ് പ്രതി പിന്നീട് ജാമ്യഹര്‍ജിയുടെ ഭാഗമായി കോടതിയില്‍ ഹാജരായപ്പോള്‍ ഇക്കാര്യം കോടതിയെ അറിയിച്ചു.
കേസില്‍ ജാമ്യം കിട്ടിയതിന് പിന്നാലെ അയിരൂര്‍ സ്റ്റേഷനിലെത്തി ഇയാള്‍ സിഐക്കെതിരെ പീഡനത്തിന് പരാതിയും നല്‍കുകയായിരുന്നു.നേരത്തെ, ക്രിമിനല്‍ കേസിലെ പ്രതികളായ പോലീസുകാരുടെ പട്ടിക പോലിസ് ആസ്ഥാനത്ത് തയ്യാറാക്കിയിരുന്നു. ഇതിലെ ഒന്നാമത്തെ പേരുകാരനാണ് സേനയില്‍ നിന്നും പുറത്താക്കപ്പെട്ട പിആര്‍ സുനു.
Discussion about this post