പുളിക്കൽ : സ്കൂളിൽ നിന്നും വല്യുപ്പയുടെ സ്കൂട്ടറിൽ മടങ്ങിയ വിദ്യാർത്ഥിനി അതേ സ്കൂളിലെ ബസിനടയിൽപ്പെട്ട് മരിച്ചു. ആന്തിയൂർകുന്ന് നോവൽ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ എൽ.കെ.ജി. വിദ്യാർഥിനി ഹയ ഫാത്തിമയാണ് മരിച്ചത്. സ്കൂട്ടർ ഓടിച്ച, ഹയ ഫാത്തിമയുടെ ഉമ്മയുടെ പിതാവ് എം.കെ. ബഷീറിനെ (65) ഗുരുതര പരിക്കുകളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ബസ് മറിഞ്ഞ് ആറു കുട്ടികൾക്കും മൂന്ന് സ്കൂൾ ജീവനക്കാർക്കും പരിക്കേറ്റു. ബസിൽ 30 കുട്ടികളും രണ്ടു സ്കൂൾ ജീവനക്കാരുമാണുണ്ടായിരുന്നത്. ബുധനാഴ്ച വൈകീട്ട് 3.40-ഓടെ സ്കൂളിൽനിന്ന് 150 മീറ്റർ അകലെ ആന്തിയൂർകുന്ന് വെളുത്തോടിയിലെ ഇറക്കത്തിലായിരുന്നു അപകടം നടന്നത്. വീതികുറഞ്ഞ റോഡിന്റെ ഇരുവശത്തും ചെങ്കല്ല് ഇറക്കിയിരുന്നു. വലതുവശത്തെ ചെങ്കൽ അട്ടി ഇടിച്ചുതെറിപ്പിച്ച ബസ് എതിർവശത്തെ വീടിന്റെ മതിൽ തകർത്ത് റോഡിൽ വിലങ്ങനെ മറിയുകയായിരുന്നു.
ഇതിനിടെ ബസിനു തൊട്ടുപിന്നിലുണ്ടായിരുന്ന സ്കൂട്ടർ ബസിന്റെ അടിയിൽപ്പെട്ടുപോവുകയായിരുന്നു. ബസിന്റെ പിൻഭാഗത്ത് കുരുങ്ങിയ നിലയിലായിരുന്നു സ്കൂട്ടർ. ബസിനടിയിൽപ്പെട്ട ഹയയെയും ബഷീറിനെയും പരിസരവാസികൾ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. പുളിക്കലിലെ ആശുപത്രിയിൽനിന്ന് കോഴിക്കോട് എത്തിയപ്പോഴേക്കും കുട്ടി മരണപ്പെട്ടിരുന്നു. ഫറോക്ക് പേട്ടയിൽ അബ്ദുൾഗഫൂറിന്റെയും ഷഷ്നയുടെയും മകളാണ്. അപകടത്തെത്തുടർന്ന് പോലീസും മോട്ടോർവാഹന വകുപ്പ്, റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി.
Discussion about this post