ബ്രിട്ടനില്‍ മരിച്ച മലയാളി വിദ്യാര്‍ഥി വിജിന്‍ വര്‍ഗീസിന്റെ കുടുംബത്തിന് ആറ് ലക്ഷം രൂപ കൈമാറി

ലിവര്‍പൂള്‍: ബ്രിട്ടനിലെ ലിവര്‍പൂളിനു സമീപം വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ മലയാളി വിദ്യാര്‍ഥി വിജിന്‍ വര്‍ഗീസിന്റെ കുടുംബത്തിന് സഹായഹസ്തവുമായി പ്രവാസി കൂട്ടായ്മ. വിരാല്‍ മലയാളി കമ്മ്യൂണിറ്റി ശേഖരിച്ച 6535 പൗണ്ട് വിജിന്‍ വര്‍ഗീസിന്റെ കുടുംബത്തിന് കൈമാറി.

ഇന്ത്യന്‍ തുകയായ 6,36,320.70 രൂപയാണു മാതാപിതാക്കളായ കൊട്ടാരക്കര കിഴക്കേത്തെരുവ് ഇരുങ്ങൂര്‍ നീലാംവിളയില്‍ വിവി നിവാസില്‍ ഗീവര്‍ഗീസിനും ജെസിക്കും ബാങ്ക് അക്കൗണ്ട് വഴി കൈമാറിയതെന്നു വിരാല്‍ മലയാളി കമ്മ്യൂണിറ്റി പ്രസിഡന്റ് ജോഷി ജോസഫ് പറഞ്ഞു.

വിജിന്‍ ചെസ്റ്റര്‍ യൂണിവേഴ്സിറ്റിയില്‍ എംഎസ്സി എന്‍ജിനിയറിങ്ങ് മാനേജ്‌മെന്റ് വിദ്യാര്‍ഥിയായിരുന്നു. വിജിന്റെ മരണ ശേഷമാണ് പരീക്ഷ ഫലം പുറത്തു വന്നത്. മികച്ച വിജയമായിരുന്നു വിജിനു ലഭിച്ചത്.

ഡിസംബര്‍ 2 നാണു വിജിനെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ കേസെടുത്ത് അന്വേഷണം നടത്തുന്ന മെഴ്‌സിസൈഡ് പോലീസ് വിവരങ്ങള്‍ മാര്‍ച്ച് മാസത്തോടെ പുറത്തുവിടുമെന്നാണ് റിപ്പോര്‍ട്ട്.

ചെസ്റ്റര്‍ യൂണിവേഴ്സിറ്റിയില്‍ എംഎസ്സി എന്‍ജിനിയറിങ്ങ് മാനേജ്‌മെന്റ് വിദ്യാര്‍ഥിയായി കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് വിജിന്‍ എത്തിയത്. പഠനത്തോടൊപ്പം സ്വകാര്യ ഏജന്‍സി മുഖേന പാര്‍ട്ട് ടൈം ജോലിയും ചെയ്തിരുന്ന വിജിന് ജോലിക്ക് പോയിരുന്ന സ്ഥാപനത്തില്‍ സ്ഥിരമായി ജോലിയും വര്‍ക്കിംഗ് പെര്‍മിറ്റും കിട്ടിയതായി സൂചനയുണ്ട്. ഇത്തരത്തില്‍ സന്തോഷകരായി മുന്നോട്ടു പോകേണ്ടുന്ന സാഹചര്യത്തില്‍ ഉണ്ടായ മരണം ബന്ധുക്കളിലും സുഹൃത്തുക്കളിലും ഞെട്ടല്‍ ഉണ്ടാക്കിയിരുന്നു.

Exit mobile version