കൊച്ചി: ഷവര്‍മ ഉണ്ടാക്കാന്‍ എത്തിച്ച 500 കിലോ പഴകിയ ഇറച്ചി കളമശ്ശേരിയില്‍ പിടികൂടി. കൊച്ചിയിലെ ഹോട്ടലുകളില്‍ ഷവര്‍മ ഉണ്ടാക്കാന്‍ എത്തിച്ചതാണ് ഇറച്ചിയെന്നാണ് നിഗമനം. കളമശ്ശേരി കൈപ്പടമുകളിലെ വീട്ടില്‍ നിന്നാണ് പഴകിയ കോഴി ഇറച്ചി പിടിച്ചെടുത്തത്. ഇറച്ചി അഴുകിത്തുടങ്ങിയിരുന്നു. തമിഴ്നാട്ടില്‍ നിന്നാണ് ഇറച്ചി എത്തിച്ചത്.
സംസ്ഥാനത്ത് ഭക്ഷ്യവിഷബാധയേല്‍ക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ചതോടെ പരിശോധന ശക്തമാക്കിയിട്ടുണ്ട്, മാത്രമല്ല കര്‍ശന മാര്‍ഗനിര്‍ദേശങ്ങളും ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ് പുറത്തിറക്കിയിട്ടുണ്ട്. പച്ച മുട്ട ഉപയോഗിച്ചുള്ള മയോണൈസ് സംസ്ഥാനത്ത് നിരോധിച്ചെന്ന് മന്ത്രി അറിയിച്ചു. വെജിറ്റബിള്‍ മയോണൈസ് എന്ന നിര്‍ദേശം ഹോട്ടല്‍ ഉടമകള്‍ തന്നെ മുന്നോട്ട് വച്ചിട്ടുണ്ട്. പകരം വെജിറ്റബിള്‍ മയോണൈസും പാസച്വറൈസ്ഡ് മുട്ടയും ഉപയോഗിക്കാമെന്നും മന്ത്രി അറിയിച്ചു.
ഹോട്ടലുകളില്‍ നിന്ന് നല്‍കുന്ന പാഴ്‌സലുകളില്‍ സ്റ്റിക്കര്‍ നിര്‍ബന്ധമാക്കും. എത്ര മണിക്കൂറിനകം പാഴ്സലിലുളള ഭക്ഷണം കഴിക്കാമെന്നും പാഴ്ക്ക് ചെയ്ത സമയവും സ്റ്റികറില്‍ രേഖപ്പെടുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു. എല്ലാ സ്ഥാപനങ്ങള്‍ക്കും രജിസ്ട്രേഷനും ലൈസന്‍സും നിര്‍ബന്ധമാണ്. ഹോട്ടലുകളിലെ അടുക്കളകളില്‍ ശുചിത്വം ഉറപ്പാക്കേണ്ടതാണ്.
വൃത്തിയുളള ഹോട്ടലുകള്‍ ആപ്പിലൂടെ അറിയാം. ഹോട്ടലുകള്‍ക്ക് ഹൈജീന്‍ റേറ്റിങ് ഏര്‍പ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു. ശുചിത്വം അതാത് സ്ഥാപനങ്ങളുടെ ഉത്തരവാദിത്തമാണെന്നും മന്ത്രി വ്യക്തമാക്കി.