തിരുവനന്തപുരം: കുഴൽമന്ദത്ത് കെ.എസ്.ആർ.ടി.സി. ബസ്സിടിച്ച് രണ്ടുപേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ ബസ് ഓടിച്ചിരുന്ന ഡ്രൈവറെ സർവീസിൽ നിന്നും നീക്കം ചെയ്തു. കെ.എസ്.ആർ.ടി.സി. വടക്കാഞ്ചേരി ഓപ്പറേറ്റിങ് സെന്ററിലെ ഡ്രൈവറായ സി.എൽ. ഔസേപ്പിനെയാണ് പിരിച്ചുവിട്ടത്. ഔസേപ്പ് മുൻപും പലതവണ ബസ് അപകടത്തിൽപ്പെടുത്തിയിട്ടുണ്ട്.
കെ.എസ്.ആർ.ടി.സി.യിൽ ഇനിയും തുടർന്നാൽ കൂടുതൽ മനുഷ്യജീവനുകൾക്ക് ഹാനികരമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. 2022 ഫെബ്രുവരി ഏഴിന് പാലക്കാട്ടുനിന്ന് വടക്കാഞ്ചേരിയിലേക്ക് സർവീസ് നടത്തിയ ഫാസ്റ്റ് പാസഞ്ചർ ബസിന്റെ ഡ്രൈവറായിരിക്കേ കുഴൽമന്ദത്തുവെച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കളാണ് മരണപ്പെട്ടത്. സംഭവത്തിൽ ഡ്രൈവറുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയിരുന്നു.
അപകടരമാം വിധം വാഹനമോടിച്ച് ബൈക്ക് യാത്രക്കാരുടെ മരണത്തിനിടയാക്കിയെന്ന് കെ.എസ്.ആർ.ടി.സി. നടത്തിയ അന്വേഷണത്തിലും കണ്ടെത്തിയിരുന്നു. പിന്നാലെ 2022 ഫെബ്രുവരി 10-ന് തന്നെ ഔസേപ്പിനെ സസ്‌പെൻഡ് ചെയ്തു. തുടർന്ന് നടന്ന വിശദമായ വാദം കേൾക്കലുകൾക്കും തെളിവെടുപ്പുകൾക്കും വീഡിയോ പരിശോധനകൾക്കും ശേഷം ഔസേപ്പിന്റെ മേലുള്ള കുറ്റം തെളിഞ്ഞു. ഇതോടെയാണ് സർവീസിൽ നിന്നും പിരിച്ചുവിട്ടത്.