സന്നിധാനം: യുവതി പ്രവേശനത്തിന് പിന്നാലെ നടയടച്ച് ശുദ്ധിക്രിയ നടത്തി മേല്‍ശാന്തി വീണ്ടും നടതുറന്നു. നടയടയ്ക്കാന്‍ തന്ത്രിയാണ് തീരുമാനിച്ചത്. ബിംബശുദ്ധി ഉള്‍പ്പെടെയുള്ള ശുദ്ധിക്രിയകള്ക്കുശേഷമാണ് നട തുറന്നത്. അരമണിക്കൂറിനുശേഷം നെയ്യഭിഷേകം ആരംഭിക്കും. തുടര്‍ന്ന് മറ്റു പൂജകള്‍ നടത്തും.
അയ്യപ്പന്മാരെ പതിനെട്ടാം പടിക്കു താഴേക്കു മാറ്റിയാണ് ശുദ്ധിക്രിയകള്‍ നടത്തിയത്. ഇന്നു പുലര്‍ച്ചെ 3.48നാണ് ബിന്ദുവും കനകദുര്‍ഗയും ശബരിമലയില്‍ എത്തിയത്. ഇവര്‍ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഇതുസംബന്ധിച്ച വീഡിയോയും പുറത്തുവന്നിരുന്നു. ഡിസംബര്‍ 24നും ഇവര്‍ മല കയറാനെത്തിയിരുന്നു. എന്നാല്‍ പ്രതിഷേധത്തെത്തുടര്‍ന്നു തിരിച്ചിറങ്ങുകയായിരുന്നു.
ഇന്നലെ സുരക്ഷ ആവശ്യപ്പെട്ട് ഇവര്‍ പമ്പ പോലീസിനെ സമീപിച്ചിരുന്നെന്നാണ് വിവരം. ബുദ്ധിമുട്ട് ഉണ്ടെന്ന് അറിയിച്ചെങ്കിലും സ്വന്തം നിലയ്ക്കു പോകുമെന്ന് ഇവര്‍ വ്യക്തമാക്കി. തുടര്‍ന്നു പരിമിതമായ തോതില്‍ പോലീസ് സംരക്ഷണം നല്‍കിയെന്നാണു സൂചന. പുലര്‍ച്ചെ ദര്‍ശനം നടത്തിയ ശേഷം അപ്പോള്‍ തന്നെ ഇവര്‍ മലയിറങ്ങിയെന്നുമാണു റിപ്പോര്‍ട്ട്. രാത്രി ഒരു മണിയോടെ പമ്പയില്‍നിന്നു ഇവര്‍ മല കയറി.
മഫ്തിയിലാണ് പോലീസ് ഇവരെ പിന്തുടര്ന്നത്. ബിന്ദുവും കനകദുര്‍ഗയും ആറുപേരടങ്ങുന്ന സംഘത്തിനൊപ്പം എറണാകുളത്തുനിന്നാണ് എത്തിയത്. പമ്പ വഴി സന്നിധാനത്തെത്തിയ ഇവര്‍ പതിനെട്ടാംപടി ചവിട്ടാതെ വടക്കേനട വഴി സോപാനത്തെത്തി ദര്‍ശനം നടത്തി ഉടന്‍ മടങ്ങി. ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തിയ യുവതികള്‍ പത്തനംതിട്ടയിലെ സുരക്ഷിതകേന്ദ്രത്തിലാണെന്നാണു സൂചന
Discussion about this post