കൊച്ചി: പച്ച മുട്ടയിലുണ്ടാക്കുന്ന മയോണൈസ് ബേക്കറികളില്‍ നിന്ന് ഒഴിവാക്കുമെന്ന് കേരള ബേക്കേഴ്സ് അസോസിയേഷന്‍. വേവിക്കാതെ ഉല്‍പ്പാദിപ്പിക്കുന്ന ഭക്ഷ്യോത്പന്നം എന്ന നിലയിലാണ് നോണ്‍വെജ് മയോണൈസ് നിരോധിക്കാന്‍ തീരുമാനിച്ചത്.
ഭക്ഷ്യവിഷബാധയേറ്റ് സംസ്ഥാനത്ത് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണ് തീരുമാനം. വിഷരഹിതഭക്ഷണം ഉറപ്പാന്‍ പരിശോധനകള്‍ക്ക് സഹകരിക്കുമെന്ന് ബേക്കേഴ്സ് അസോസിയേഷന്‍ കേരള ഭാരവാഹികള്‍ പറഞ്ഞു.
ബേക്കറികളില്‍ വേവിക്കാതെ ഉല്‍പ്പാദിപ്പിക്കുന്ന ഏക ഭക്ഷ്യോല്‍പ്പന്നമായ പച്ചമുട്ടകൊണ്ടുള്ള മയോണൈസ് നിരോധിക്കും. അസോസിയേഷന്റെ കീഴില്‍ വരുന്ന ബേക്കറികളിലും അനുബന്ധ റസ്റ്റോറന്റുകളിലും ഇനി മുതല്‍ ഇത് വിളമ്പില്ല. പകരം വെജിറ്റബിള്‍ മയോണൈസ് ഉപയോഗിക്കാനും കൊച്ചിയില്‍ ചേര്‍ന്ന ബേക്ക് സംസ്ഥാന ഭാരവാഹി യോഗം തീരുമാനിച്ചു.
ഇന്ത്യന്‍ ബേക്കേഴ്‌സ് ഫെഡറേഷന്‍ ദേശീയ പ്രസിഡന്റ് പി എം ശങ്കരന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് വിജേഷ് വിശ്വനാഥ് അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി റോയല്‍ നൗഷാദ്, ഓര്‍ഗനൈസിങ് സെക്രട്ടറി മുഹമ്മദ് ഫൗസീര്‍, സംസ്ഥാന സെക്രട്ടറിമാരായ സി പി പ്രേംരാജ്, കിരണ്‍ എസ് പാലയ്ക്കല്‍, സന്തോഷ് പുനലൂര്‍, ബിജു പ്രേംശങ്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു.