തൃശ്ശൂർ: തുമ്പിക്കൈ അറ്റുപോയ നിലയിൽ കുട്ടിയാനയെ അതിരപ്പിള്ളിയിൽ കണ്ടെത്തി. എണ്ണപ്പന തോട്ടത്തിലാണ് തുമ്പിക്കൈ അറ്റ നിലയിൽ കുട്ടിയാനയെ കണ്ടെത്തിയത്. അഞ്ച് ആനകൾ അടങ്ങുന്ന കൂട്ടത്തിലാണ് കുട്ടിയാനയുള്ളത്. ഏഴാറ്റുമുഖം മേഖലയിൽ ചൊവ്വാഴ്ച ഇറങ്ങിയ ആനക്കൂട്ടത്തിലാണ് അമ്മയാനയോടൊപ്പം തുമ്പിക്കൈ നഷ്ടപ്പട്ട നിലയിൽ കുട്ടിയാനയെ കണ്ടെത്തിയത്.
ഏതെങ്കിലും മൃഗം ആക്രമിച്ചപ്പോഴോ, അപകടത്തിലോ, എന്തെങ്കിലും കുടുക്കിലോ പെട്ട് തുമ്പിക്കൈ അറ്റുപോയതാണോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. നാട്ടുകാരനായ സജിൽ ആണ് ആനക്കൂട്ടങ്ങളിൽക്കിടയിൽ നിന്ന് നൊമ്പരപ്പെടുത്തുന്ന കാഴ്ച കണ്ടത്. ശേഷം, വനംവകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാർ വിവരം അറിയിച്ചു.
തുടർന്ന് ജില്ലാ പൊലീസ് സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനായ ജിലേഷ് ചന്ദ്രൻ സ്ഥലത്തെത്തി ചിത്രങ്ങൾ പകർത്തി. തുമ്പിക്കൈ ഇല്ലാതെ കുട്ടിയാനയ്ക്ക് ജീവിക്കാൻ സാധിക്കുമോ എന്ന ആശങ്കയാണ് ഇപ്പോഴുള്ളത്. നിലവിൽ മറ്റ് ആരോഗ്യപ്രശ്‌നങ്ങളോ അസ്വസ്ഥതയോ കുട്ടിയാന പ്രകടിപ്പിക്കുന്നില്ലെന്നാണ് അധികൃതർ നൽകുന്ന വിവരം.