കാസര്‍ഗോഡ്: ആശുപത്രിയിലേക്ക് പോകാന്‍ ഒരുങ്ങവേ വീട്ടില്‍ പ്രസവിച്ച ജാര്‍ഖണ്ഡ് സ്വദേശിനിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍. കാസര്‍ഗോഡ് ഉപ്പള ഗേറ്റിനു സമീപം താമസിക്കുന്ന ജാര്‍ഖണ്ഡ് സ്വദേശി റിസ്വാന്റെ ഭാര്യ നസിയ (26) ആണ് വീട്ടില്‍ വച്ച് ആംബുലന്‍സ് ജീവനക്കാരുടെ പരിചരണത്തില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.
തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. നസിയക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഭര്‍ത്താവ് റിസ്വാന്‍ കനിവ് 108 ആംബുലന്‍സിന്റെ സേവനം തേടുകയായിരുന്നു. ഉടന്‍ കണ്‍ട്രോള്‍ റൂമില്‍ നിന്ന് അത്യാഹിത സന്ദേശം മംഗല്‍പാടി താലൂക്ക് ആശുപത്രിയിലെ കനിവ് 108 ആംബുലന്‍സിനു കൈമാറി. ആംബുലന്‍സ് പൈലറ്റ് ഹര്‍ഷിത് കുമാര്‍, എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ അനുരൂപ് എം.എസ് എന്നിവര്‍ ഉടന്‍ സ്ഥലത്തെത്തി.
എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ അനുരൂപിന്റെ പരിശോധനയില്‍ പ്രസവം എടുക്കാതെ നസിയയെ ആംബുലന്‍സിലേക്ക് മാറ്റുന്നത് സുരക്ഷിതം അല്ലെന്ന് മനസിലാക്കി വീട്ടില്‍ തന്നെ ഇതിനുവേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കുകയായിരുന്നു. 9 മണിയോടെ അനുരൂപിന്റെ പരിചരണത്തില്‍ നസിയ കുഞ്ഞിന് ജന്മം നല്‍കി.
തുടര്‍ന്ന് അമ്മയും കുഞ്ഞുമായുള്ള പൊക്കിള്‍കൊടി ബന്ധം വേര്‍പ്പെടുത്തി അനുരൂപ് ഇരുവര്‍ക്കും വേണ്ട പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം ആംബുലന്‍സിലേക്ക് മാറ്റി. പൈലറ്റ് ഹര്‍ഷിത് ഉടന്‍ തന്നെ ഇരുവരെയും മംഗല്‍പാടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ബന്ധുക്കള്‍ അറിയിച്ചു.