തൃപ്രയാർ: ക്ഷേത്രത്തിലേക്ക് ആലില പറിക്കണമെന്നാവശ്യപ്പെട്ട് എത്തിയ 4 അതിഥിത്തൊഴിലാളികളെ കബളിപ്പിച്ച് പണവും ഫോണകളും കനർന്നു. മലയാളിയായ ഒരാളാണ് വിളിച്ചുവരുത്തി തൊഴിലാളികളെ പറ്റിച്ച് മോഷണം നടത്തിയത്. ക്ഷേത്രത്തിലേക്കായതുകൊണ്ട് ശുദ്ധി വേണമെന്നു പറഞ്ഞ് അടിവസ്ത്രമടക്കം അഴിപ്പിച്ചു.
തോർത്തു മാത്രം ഉടുത്ത തൊഴിലാളികളെ ചേർക്കര റോഡരികിലെ ആലിന്റെ മുകളിലേക്കു കയറ്റി. ആലില പറിക്കുന്നതിനിടെ തൊഴിലാളികൾ താഴേയ്ക്ക് നോക്കുമ്പോഴാണ് ജോലിക്ക് വിളിച്ചയാൾ പണവും വസ്ത്രങ്ങളും 16,000 രൂപ വില വരുന്ന 2 മൊബൈൽ ഫോണുകളും എടുത്ത് പോകുന്നത് കണ്ടത്. ആലിനു മുകളിൽ നിന്ന് വേഗം ഇറങ്ങിയെങ്കിലും അപ്പോഴേക്കും അയാൾ കടന്നുകളയുകയും ചെയ്തു.
വസ്ത്രങ്ങൾ പിന്നീട് റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. വലപ്പാട് സ്റ്റേഷനിലെത്തിയ ഇവർ ഇൻസ്‌പെക്ടർ കെ.എസ്. സുശാന്തിന് ഇയാളുടെ ഫോൺ നമ്പർ നൽകി. അതിൽ വിളിച്ചെങ്കിലും ആരും എടുത്തില്ല. ജാർഖണ്ഡ് സ്വദേശി വിനോദ് എന്നയാളുടെ പേരിലാണ് സിം കാർഡ്. അതിഥിത്തൊഴിലാളികളെ വിളിച്ചു വരുത്തി കബളിപ്പിച്ചയാൾക്കുള്ള അന്വേഷണം ഇപ്പോൾ നടത്തി വരികയാണ്.