തൃശ്ശൂര്‍: ഈ വര്‍ഷത്തെ തൃശ്ശൂര്‍ പൂരത്തിലെ ഇലഞ്ഞിത്തറമേളത്തിന് പെരുവനം കുട്ടന്‍ മാരാര്‍ ഇല്ല. പകരം അനിയന്‍ മാരാര്‍ ആണ് ഇത്തവണ പ്രമാണിസ്ഥാനം വഹിക്കുമെന്ന് പാറമേക്കാവ് ദേവസ്വം അറിയിച്ചു.
കഴിഞ്ഞ കാല്‍നൂറ്റാണ്ടായി പാറമേക്കാവിനായി ഇലഞ്ഞിത്തറ മേളത്തിന്റെ പ്രമാണി സ്ഥാനം വഹിച്ചിരുന്നത് പെരുവനം കുട്ടന്‍ മാരാറായിരുന്നു. മുതിര്‍ന്ന വാദ്യകലാകാരനായ അനിയന്‍ മാരാര്‍ക്ക് ഒരു വട്ടമെങ്കിലും പ്രമാണി സ്ഥാനം അലങ്കരിക്കാന്‍ അവസരം നല്‍കണമെന്ന ആവശ്യത്തിന്റെ അടിസ്ഥാനത്തിലാണ് മാറ്റമെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി.രാജേഷ് മാധ്യമങ്ങളെ അറിയിച്ചു.
78 വയസ്സായ കിഴക്കൂട്ട് അനിയന്‍ മാരാര്‍ക്ക് പ്രമാണി സ്ഥാനത്ത് ഒരവസരം നല്‍കാന്‍ പാറമേക്കാവ് ദേവസ്വം ബോര്‍ഡ് വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനിക്കുകയായിരുന്നു. 1961 മുതല്‍ കിഴക്കൂട്ട് അനിയന്‍ മാരാര്‍ പൂരത്തിനുണ്ട്. കലാകാരന്മാര്‍ക്ക് മാറി മാറി മേളപ്രമാണിസ്ഥാനം നല്‍കാനുള്ള ആലോചനയും നടക്കുന്നുണ്ടെന്നും പെരുവനത്തിന്റേത് മികച്ച സ്ഥാനമായിരുന്നുവെന്നും ജി.രാജേഷ് പറഞ്ഞു.
കഴിഞ്ഞ നാല്‍പ്പത് വര്‍ഷമായി പാറമേക്കാവിന്റെ ഇലഞ്ഞിത്തറ മേളത്തില്‍ പങ്കാളിയാണ് കിഴക്കൂട്ട് അനിയന്‍ മാരാര്‍. 2005-ല്‍ പാറമേക്കാവിന്റെ പകല്‍പ്പൂരത്തിന് അദ്ദേഹം പ്രാമാണ്യം വഹിച്ചിരുന്നു. 2012-ല്‍ തിരുവമ്പാടിയുടെ പകല്‍പ്പൂരത്തിനും പ്രമാണിയായി. ആറു പതിറ്റാണ്ടായി ചെണ്ട മേളം ജീവിതമാക്കിയ അനിയന്‍ മാരാര്‍ എന്ന മേളപ്രേമികളുടെ അനിയേട്ടനുള്ള അപൂര്‍വ്വ ആദരം കൂടിയാണ് ഈ പ്രമാണി സ്ഥാനം.
തൃശൂര്‍ പൂരത്തിന്റെ ഭാഗമായി നടക്കുന്ന ചെണ്ടമേളമാണ് ഇലഞ്ഞിത്തറമേളം. പാറമേക്കാവ് വിഭാഗം ആണ് ഇലഞ്ഞിത്തറമേളം അവതരിപ്പിക്കുന്നത്. ഏകദേശം രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യം വരുന്ന പാണ്ടി മേളം ആണ് ഇലഞ്ഞിത്തറയില്‍ അവതരിപ്പിക്കുന്നത്. വടക്കുംനാഥന്‍ ക്ഷേത്രത്തിന്റെ മതില്‍കെട്ടിനുള്ളില്‍ സ്ഥിതി ചെയ്യുന്ന ഇലഞ്ഞി മരത്തിനടിയിലാണ് ഈ മേളം അരങ്ങേറുന്നത്.