തിരുവനന്തപുരം: ബലാത്സംഗ കേസ് ഉള്‍പ്പടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സിഐ പിആര്‍ സുനുവിനെ പോലീസ് സേനയില്‍നിന്നു പിരിച്ചുവിട്ടു. കോഴിക്കോട് ബേപ്പൂര്‍ കോസ്റ്റല്‍ പോലീസ് സ്റ്റേഷനിലെ സിഐയാണ് പിആര്‍ സുനു.
ഇയാള്‍ക്കെതിരെ സ്വഭാവദൂഷ്യത്തിന്റെ പേരില്‍ പോലീസ് ആക്ടിലെ 86 വകുപ്പ് അനുസരിച്ചാണ് നടപടിയെടുത്തിരിക്കുന്നത്. സ്ഥിരമായി ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ സര്‍വീസില്‍ നിന്നും അയോഗ്യരാക്കുന്നതാണ് ഈ വകുപ്പ്.
ഇയാള്‍ എറണാകുളത്ത് ജോലി ചെയ്തിരുന്ന സമയത്ത് തൃക്കാക്കരയില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ കേസില്‍ മൂന്നാം പ്രതിയാണ് സുനു. സുനു പ്രതിയായ 6 ക്രിമിനല്‍ കേസുകളില്‍ നാലെണ്ണം സ്ത്രീപീഡനത്തിന്റെ പരിധിയിലുള്ളതാണ്.
കൊച്ചിയിലും കണ്ണൂരിലും തൃശൂരിലും ജോലി ചെയ്യുമ്പോള്‍ പോലീസിന്റെ അധികാരം ഉപയോഗിച്ച് പീഡനത്തിന് ശ്രമിച്ചിരുന്നു. ഇത് അതീവ ഗുരുതരമാണ്. 6 മാസം ജയില്‍ശിക്ഷയും അനുഭവിച്ചു. ബലാല്‍സംഗം അടക്കം 9 ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് സുനു. 15 തവണ വകുപ്പുതല നടപടികള്‍ നേരിട്ടിരുന്നു.
അതേസമയം, കേരള പോലീസിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഈ വകുപ്പ് അനുസരിച്ച് ഒരു ഉദ്യോഗസ്ഥനെ സര്‍വീസില്‍നിന്ന് പിരിച്ചുവിടുന്നത്. നേരിട്ട് ഹാജരായി വിശദീകരണം നല്‍കാന്‍ ഡിജിപി നിര്‍ദേശിച്ചിരുന്നെങ്കിലും സുനു പോലീസ് ആസ്ഥാനത്ത് ഹാജരായില്ല. ഓണ്‍ലൈനിലൂടെ വിശദീകരണം കേട്ടിരുന്നു. ഇതിന് പിന്നാലെയാണ് സേനയുടെ നടപടി.
നേരത്തെ പിആര്‍ സുനുവിനെ സര്‍വീസില്‍നിന്ന് പിരിച്ചുവിടാന്‍ ശുപാര്‍ശ ചെയ്ത് ഡിജിപി അനില്‍കാന്ത് ആഭ്യന്തര സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. നിര്‍ബന്ധിത അവധിക്ക് ശേഷം പിആര്‍ സുനു സര്‍വീസില്‍ തിരികെ കയറിയത് വലിയ രീതിയില്‍ വിമര്‍ശനത്തിന് കാരണമായിരുന്നു. ഒടുവില്‍ ഇനിയും സുനുവിനെ സേനയില്‍ തുടരാന്‍ അനുവദിച്ചാല്‍ പോലീസ് സേനയ്ക്കുണ്ടാകുന്ന നാണക്കേട് ഒഴിവാക്കാനാണ് അറ്റകൈ പ്രയോഗം നടത്തിയിരിക്കുന്നത്.