തൃശൂര്‍: തകരാര്‍ പരിഹരിക്കുന്നതിനിടെ ബസ്സിനടിയില്‍ തല കുടുങ്ങിയ ടൂറിസ്റ്റ് ഡ്രൈവര്‍ക്ക് രക്ഷകരായെത്തി അഗ്നിരക്ഷാസേന. 25 വയസ്സുകാരനായ കര്‍ണാടക സ്വദേശിയുടെ ജീവനാണ് സമയോചിത ഇടപെടലിലൂടെ അഗ്നിരക്ഷാസേന രക്ഷിച്ചത്.
ബെംഗളൂരു നോര്‍ത്ത് കാമാക്ഷിപാളയം കാവേരിപ്പുര സ്വദേശി എസ്.അശോകിനെ ആണ് പരുക്കുകളില്ലാതെ പുറത്തെടുത്തത്. ബസിന് അടിയില്‍ കിടന്ന് തകരാര്‍ പരിഹരിക്കുന്നതിനിടെ എയര്‍ സസ്‌പെന്‍ഷന്‍ സംവിധാനത്തിനിടയില്‍ ഒരു മണിക്കൂറോളം ഇയാളുടെ തല കുടുങ്ങിയത്.
കഴിഞ്ഞ ദവസം രാവിലെ 10.30ന് ശക്തന്‍ ബസ് സ്റ്റാന്‍ഡിനു സമീപമാണ് അപകടം. ടൂര്‍ കഴിഞ്ഞ് നിറയെ കുട്ടികളുമായി ആലപ്പുഴയില്‍ നിന്ന് ബെംഗളൂരുവിലേക്കു മടങ്ങുകയായിരുന്ന സാം ടൂര്‍സ് ആന്‍ഡ് ട്രാവല്‍സിന്റെ ബസ് ആണ് തകരാറിലായത്.
പിറകില്‍ ടയറുകളോടു ചേര്‍ന്നുള്ള ഭാഗത്തു പരിശോധിക്കുന്നതിനിടെ സസ്‌പെന്‍ഷന്‍ സംവിധാനത്തില്‍ നിന്ന് എയര്‍ ചോര്‍ന്ന് ബസ് താഴുകയും അശോകിന്റെ തല ചേസിനും സസ്‌പെന്‍ഷനും ഇടയില്‍ കുടുങ്ങുകയുമായിരുന്നു. അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ ഹൈഡ്രോളിക് സ്‌പ്രെഡര്‍ ഉപയോഗിച്ച് ചേസ് അകത്തിയാണ് അശോകിനെ പുറത്തെത്തിച്ചത്.