കോഴിക്കോട്: ഹാജർ കുറവായതിന്റെ പേരിൽ പരീക്ഷ എഴുതാൻ അനുവദിക്കാത്തതിനെ തുടർന്ന് മനംനൊന്ത് വിദ്യാർത്ഥി ജീവനൊടുക്കി. കോഴിക്കോട് നടക്കാവ് സ്വദേശിയായ 19കാരൻ മുഹമ്മദ് ആനിഖ് ആണ് ആത്മഹത്യ ചെയ്തത്. ചെന്നൈ എസ്ആർഎം കോളജിലെ റെസ്പിറേറ്ററി തെറാപ്പി ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്നു ആനിഖ്. ഇന്ന് ഒന്നാം സെമസ്റ്റർ പരീക്ഷ തുടങ്ങാനിരിക്കെയാണ് ആനിഖ് ലോകത്തോട് വിടപറഞ്ഞത്.
പരീക്ഷാഫീസ് വാങ്ങിയിട്ടും പരീക്ഷയെഴുതാൻ അനുവദിച്ചില്ലെന്ന് ബന്ധുക്കൾ ആരോപിച്ച് രംഗത്തെത്തി. കോഴിക്കോട് നടക്കാവിലെ വീട്ടിലായിരുന്നു സംഭവം. ചെന്നൈ എസ്ആർഎം കോളജിൽ റെസ്പറേറ്ററി തെറാപ്പി ഒന്നാം വർഷ വിദ്യാർത്ഥിയായ ആനിഖ് പരീക്ഷ എഴുതാനുളള തയ്യാറെടുപ്പുകൾ നടത്തി വരികയായിരുന്നു. എന്നാൽ ഹാജർ കുറവെന്ന പേരിൽ പരീക്ഷ എഴുതാൻ കഴിയില്ലെന്ന് അവസാന നിമിഷം കോളേജിൽ നിന്നും അറിയിപ്പ് വന്നു.
ഇതിന് ശേഷം കടുത്ത നിരാശയിലായിരുന്ന അനീഖ് വീട്ടുകാർ ഒരു വിവാഹ ചടങ്ങിന് പോയ സമയത്ത് ജീവിതം അവസാനിപ്പിക്കുകയായിരുന്നു. വീട്ടിനുളളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ ആനിഖിനെ ബന്ധുക്കൾ കോഴിക്കോട് സഹകരണ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണപ്പെട്ടിരുന്നു. ശ്വാസം മുട്ടലിനെത്തുടർന്ന് ആനിഖിന് പലപ്പോഴും ക്ലാസിൽ പോകാൻ കഴിഞ്ഞിരുന്നില്ലെന്ന് ബന്ധുക്കൾ പറയുന്നു. ഇക്കാര്യം കോളേജ് അധികൃതരെ അറിയിച്ചിരുന്നു. ഇത് വകവയെക്കാതെയാണ് പരീക്ഷ എഴുതാനുള്ള അവകാശം നിഷേധിച്ചത്.