പത്തനംതിട്ട: സ്കൂള്‍ വാര്‍ഷിക ദിനത്തില്‍ വിളമ്പിയ ബിരിയാണി കഴിച്ച് അധ്യാപികയ്ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഭക്ഷ്യവിഷബാധയേറ്റു. ചന്ദനപ്പള്ളിയില്‍ റോസ് ഡെയ്ല്സ് സ്കൂളിലെ 13 വിദ്യാര്‍ഥികള്‍ക്കും അധ്യാപികയ്ക്കുമാണ് ഭക്ഷ്യവിഷബാധയേറ്റത്.
വെള്ളിയാഴ്ച നടന്ന സ്കൂള്‍ വാര്‍ഷികത്തിന് വിതരണം ചെയ്ത ചിക്കന്‍ ബിരിയാണി കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. വെള്ളിയാഴ്ച വൈകീട്ടോടെ ബിരിയാണി കഴിച്ച വിദ്യാര്‍ഥികള്‍ക്ക് ശനിയാഴ്ചയോടെ ഛര്‍ദ്ദിയും വയറിളക്കവും ബാധിക്കുകയായിരുന്നു.
നിലവില്‍ ചികിത്സയിലുള്ളവരുടെ ആരോഗ്യനില ഗുരുതരമല്ല. അഞ്ചോളം അധ്യാപകര്‍ ചികിത്സതേടിയെന്നാണ് വിവരം. എന്നാല്‍ വിഷയത്തില്‍ വിശദീകരണവുമായി ചിക്കന്‍ ബിരിയാണി എത്തിച്ച ഹോട്ടലുടമ രംഗത്തെത്തി.
വെള്ളിയാഴ്ച 11 മണിക്ക് എത്തിച്ച ഭക്ഷണം വിതരണം ചെയ്തത് വൈകീട്ട് ആറുമണിക്കാണെന്നാണ് ഹോട്ടലുടമയുടെ വിശദീകരണം. ശരിയായ രീതിയില്‍ സൂക്ഷിക്കാത്തതാണ് ഭക്ഷണം മോശമായിരിക്കാം എന്നും ഇതാവാം ഭക്ഷ്യവിഷബാധയ്ക്ക് കാരണമായതെന്നുമാണ് ഹോട്ടലുടമയുടെ വിശദീകരണം.
Discussion about this post