കൊച്ചി: അത്യാഡംബര കാര്‍ കമ്പനിയായ ലംബോര്‍ഗിനി കേരളത്തില്‍ നിക്ഷേപം നടത്തുന്നു. ലംബോര്‍ഗിനിയുടെ സ്ഥാപകന്‍ ഫെറൂചിയോ ലംബോര്‍ഗിനിയുടെ മകന് ടൊനിനോ ലംബോര്‍ഗിനി കൊച്ചിയില്‍ വ്യവസായ മന്ത്രി പി രാജീവുമായി ചര്‍ച്ച നടത്തി. കേരളത്തില്‍ നിക്ഷേപം നടത്തുന്നതിന്റെ ഭാഗമായി വിശദമായ തുടര്‍ ചര്‍ച്ചകള്‍ നടത്തുമെന്നും ടൊനിനോ ലംബോര്‍ഗിനി വ്യക്തമാക്കി.
ആഡംബര ഫ്ളാറ്റുകള്‍, പാര്‍പ്പിട സമുച്ചയങ്ങള്‍, ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ കേരളത്തിലെ നിക്ഷേപ സാധ്യതകള്‍ പരിശോധിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.
ഇറ്റലി ആസ്ഥാനമായ ‘ടൊനിനോ ലംബോര്‍ഗിനി ഗ്രൂപ്പി’ന്റെ സ്ഥാപകനും പ്രസിഡന്റുമാണ് ടൊനിനോ ലംബോര്‍ഗിനി.
ഇലക്ട്രിക് വാഹന നിര്‍മ്മാണത്തില്‍ കേരളത്തിലെ നിക്ഷേപ സാധ്യതകള്‍ ഗൗരവമായി പരിശോധിക്കും. ഗോള്‍ഫ് കാര്‍ട്ട് പോലെയുള്ള വാഹനങ്ങളുടെ നിര്‍മ്മാണത്തിലും കേരളത്തിന്റെ സാധ്യതകള്‍ എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് ആലോചിക്കുന്നുണ്ട്. ആഡംബര പെര്‍ഫ്യൂമുകള്‍ ഉള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങള്‍ വിപണനം ചെയ്യുന്ന കാര്യത്തിലും സഹകരണ സാധ്യതകള്‍ തേടും.
ആഡംബര വസ്തുക്കളുടെ വിപണിയിലേക്ക് കടക്കാന്‍ തയ്യാറുള്ള ശക്തരായ തദ്ദേശ ബ്രാന്റുകളുമായി യോജിച്ച് പ്രവര്‍ത്തിക്കുന്ന കാര്യവും പരിഗണനയിലുള്ളതായി ടോനിനോ ലംബോര്‍ഗിനി മന്ത്രിയെ അറിയിച്ചു. കേരളത്തില്‍ നിക്ഷേപത്തിന് സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കുമെന്ന് മന്ത്രി പി രാജീവും അറിയിച്ചു. സംസ്ഥാനത്തിന്റെ ഉപഹാരമായി ആറന്മുള കണ്ണാടി മന്ത്രി ടൊനിനോ ലംബോര്‍ഗിനിക്ക് സമ്മാനിച്ചു.
Discussion about this post