സാമ്പത്തിക ബുദ്ധിമുട്ട് കാരണം പത്താം ക്ലാസില്‍ പഠനം അവസാനിപ്പിച്ച് കുടുംബം നോക്കാന്‍ ബീഡിത്തൊഴിലാളിയായ കാസര്‍കോടുകാരന്‍ യുഎസില്‍ ന്യായാധിപന്‍ ആയി. കാസര്‍കോട് സ്വദേശി സുരേന്ദ്രന്‍ കെ പട്ടേല്‍ ആണ് യുഎസിലെ ടെക്‌സാസ് ജില്ലാ കോടതിയുടെ 124 മത് ന്യായധിപനായി ചുമതലയേറ്റത്. റിപബ്ലിക്കന്‍ പാര്‍ട്ടി പ്രതിനിധി എഡ്വേഡ് ക്രെനിക്കിനെ പിന്നിലാക്കിയാണ് ഡമൊക്രാറ്റിക് പാര്‍ട്ടി പ്രതിനിധിയായ സുരേന്ദ്രന്‍ നവംബര്‍ 23ന് തെരഞ്ഞെടുക്കപ്പെട്ടത്.
ബീഡിത്തൊഴിലാളിയായിരുന്ന ഒരു കാസര്‍കോടുകാരന്‍ യുഎസില്‍ ന്യായാധിപനായയ വിജയ ചരിത്രം ഇങ്ങനെയാണ്…
കുടുംബത്തിലെ സാമ്പത്തിക ബുദ്ധിമുട്ട് കാരണം പത്താം ക്ലാസില്‍ പഠിത്തം ഉപേക്ഷിക്കേണ്ടി വന്ന സുരേന്ദ്രന്‍ പിന്നീട് കുടുംബം നോക്കാന്‍ ബീഡി തെറുപ്പ് തുടങ്ങി. കൂടാതെ ദിവസക്കൂലിക്ക് മറ്റു പണികളും എടുത്തിരുന്നു. പിന്നീട് സുഹൃത്തുക്കളുടെ സഹായത്തോടെയാണ് പഠനം തുടരാന്‍ തീരുമാനിച്ചത്.
ഇ.കെ നയനാര്‍ മെമ്മോറിയല്‍ ഗവ. കോളജില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം നേടി. ആ സമയത്ത് ജോലിക്കൊപ്പം പഠനവും കൊണ്ടുപോകാന്‍ വളരെ ബുദ്ധിമുട്ടായിരുന്നു. ഹാജര്‍നില മോശമായതോടെ ക്ലാസില്‍ നിന്നും അധ്യാപകര്‍ ഇറക്കിവിട്ടിട്ടുണ്ട്.
ആരുടേയും അനുകമ്പ വേണ്ടന്ന് വെച്ച് ബീഡിത്തൊഴിലാളിയായിരുന്ന കാര്യം അദ്ദേഹം ആരോടും അന്ന് പറഞ്ഞിരുന്നില്ല. അധ്യാപകരോട് വീണ്ടും അവസരം ചോദിച്ചു. ഉയര്‍ന്ന മാര്‍ക്കോടെ പാസാകുമെന്ന് വാക്ക് നല്‍കിയതോടെയാണ് തിരിച്ച് ക്ലാസില്‍ കയറ്റിയത്. പറഞ്ഞതുപോലെ അദ്ദേഹം കോളജിലെ തന്നെ ഉയര്‍ന്ന മാര്‍ക്ക് നേടി ജയിച്ചു.
ബിരുദം പൂര്‍ത്തിയാക്കിയതോടെ നിയമപഠനമായിരുന്നു ലക്ഷ്യം. പക്ഷേ അവിടെയും സാമ്പത്തിക ബുദ്ധിമുട്ടായിരുന്നു വില്ലന്‍. ആദ്യ വര്‍ഷം സുഹൃത്തുക്കള്‍ സഹായിച്ചു പക്ഷേ പഠനം വീണ്ടും നിര്‍ത്തേണ്ട ഒരു ഘട്ടത്തിലാണ് ഉതുപ്പേട്ടനെ പരിചയപ്പെടുന്നത്. അദ്ദേഹം ഹോട്ടലില്‍ ഒരു ജോലി തന്നു, കോളജില്‍ ഫീസ് അടക്കാന്‍ സഹായിച്ചു.
തുടര്‍ന്ന് 1995ല്‍ കോഴ്‌സ് പൂര്‍ത്തിയാക്കി, പ്രാക്ടീസ് ആരംഭിച്ചു. സുപ്രീം കോടതിയില്‍ ഏതാണ്ട് ഒരു പത്ത് വര്‍ഷം പ്രാക്ടീസ് ചെയ്തിരുന്നു. പിന്നീട് ഭാര്യയ്‌ക്കൊപ്പം യുഎസില്‍ ചേക്കേറുകയായിരുന്നു. 2007ലാണ് യുഎസില്‍ സ്ഥിരതാമസമാക്കുന്നത്. അവിടെ എത്തി 2011ല്‍ എല്‍എല്‍എം പൂര്‍ത്തിയാക്കി. പിന്നീട് യുഎസില്‍ പ്രക്ടീസ് തുടര്‍ന്നു. 2023 ജനുവരി ഒന്നിനായിരുന്നു അദ്ദേഹം യുഎസില്‍ ന്യായാധിപന്‍ ആയി സ്ഥാനമേറ്റെടുത്തത്.