20 ദിവസത്തെ കഠിനാധ്വാനം വിജയിച്ചു; കൂലിക്ക് ആളെ നിര്‍ത്താന്‍ പണമില്ല, മക്കളെ കൂട്ടുപിടിച്ച് കിണര്‍ കുഴിച്ച് വെള്ളം കണ്ടെത്തി കുറ്റിപ്പുറത്തെ പെണ്‍പുലി

രണ്ടാമത്തെ മകന് രണ്ട് വയസ്സുള്ളപ്പോഴാണ് ഭര്‍ത്താവ് സാക്കിറയെ ഉപേക്ഷിച്ച് പോയത്. അവിടെയൊന്നും തളരാന്‍ സാക്കിറ തയ്യാറായിരുന്നില്ല

കുറ്റിപ്പുറം: ഉമ്മയുടേയും മക്കളുടേയും ദിവസങ്ങള്‍ നീണ്ട കഠിനാധ്വാനത്തിന് ഫലം കണ്ടു. കൂലിക്ക് ആളെ നിര്‍ത്തി കിണര്‍കുത്താന്‍ പണമില്ലാത്തതിനാല്‍ വിദ്യാര്‍ത്ഥികളായ മക്കളെ കൂട്ടുപിടിച്ച് കിണര്‍ കുഴിച്ച് വെള്ളം കണ്ടെത്തി കുറ്റിപ്പുറത്തിന്റെ പെണ്‍പുലി. കുറ്റിപ്പുറം മര്‍ക്കസ് മൂടാല്‍ സ്വദേശിനിയായ കള്ളിയില്‍ സാക്കിറയും രണ്ട് മക്കളുമാണ് കിണര്‍ കുഴിച്ച് വാര്‍ത്തകളില്‍ ഇടംപിടിച്ചത്. 20 ദിവസത്തെ അധ്വാനത്തിലാണ് ഉമ്മയും മക്കളും കിണര്‍ കുഴിച്ച് വെള്ളം കണ്ടെത്തിയത്.

രണ്ടാമത്തെ മകന് രണ്ട് വയസ്സുള്ളപ്പോഴാണ് സാക്കിറയെ ഭര്‍ത്താവ് ഉപേക്ഷിച്ച് പോയത്. എന്നാല്‍ അവിടെയൊന്നും തളരാന്‍ സാക്കിറ തയ്യാറായിരുന്നില്ല. കൂലിപ്പണിയും വീട്ടുജോലിയും ചെയ്ത് ജീവിതത്തോട് പൊരുതി മക്കളെ വളര്‍ത്തി.

ഇതിനിടെ സ്വന്തമായി വീടു പണിയണമെന്ന ആഗ്രഹത്തോടെ വിവിധ ജോലികളില്‍നിന്ന് ലഭിച്ച പണം സ്വരൂപിച്ച് രണ്ട് സെന്റ് ഭൂമി സ്വന്തമാക്കി. വീടുപണി തുടങ്ങണമെങ്കില്‍ ആദ്യം വെള്ളം വേണം. അതിനായി കിണര്‍ കുഴിക്കണം. പക്ഷേ കിണര്‍ കുഴിക്കാന്‍ പണമില്ലാത്തതിനാല്‍ സാക്കിറ സ്വന്തമായി കിണര്‍ കുത്താന്‍ ആരംഭിക്കുകയായിരുന്നു.

കണ്ടുനിന്നവര്‍ക്ക് ആദ്യം സംശയമായിരുന്നു. ഇത് എവിടെയും എത്തില്ലെന്ന് ഉപദേശം വന്നു. എന്നാല്‍ അതൊന്നും സാക്കിറ ചെവിക്കൊണ്ടില്ല. ക്രിസ്മസ് അവധിക്ക് സ്‌കൂള്‍ പൂട്ടിയതോടെ മക്കളായ മുഹമ്മദ് നിയാസും മുഹമ്മദ് സിനാനും ഉമ്മക്കൊപ്പം കൂടി. 20 ദിവസംകൊണ്ട് ഒമ്പത് കോല്‍ കുഴിച്ചതോടെ വെള്ളം കണ്ടു. ഇനിയൊരു വീടു പണിയാനുള്ള നെട്ടോട്ടത്തിലാണ് ഈ കുടുംബം.

Exit mobile version