കാസര്‍കോട്: കുഴിമന്തി കഴിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യവിഷബാധയേറ്റ് മരിച്ച അഞ്ജുശ്രീ ഡിസംബര്‍ 31ന് വാങ്ങിയ ഭക്ഷണം ജനുവരി 1നും കഴിച്ചിരുന്നുവെന്ന് സഹോദരി അനുശ്രീ. കുഴിമന്തി താനുള്‍പ്പെടെ നാലുപേരാണ് കഴിച്ചത്. ഇതില്‍ രണ്ടുപേര്‍ക്കാണ് അസ്വസ്ഥയുണ്ടായത്. ഇവര്‍ക്ക് ഛര്‍ദിയും വയറുവേദനയുമാണ് ഉണ്ടായതെന്നും സഹോദരി അനുശ്രീ വെളിപ്പെടുത്തി.
കാസര്‍കോട് തലക്ലായിലാണ് കുഴിമന്തി കഴിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്ന പെരുമ്പള ബേനൂരിലെ കുമാരന്‍ നായരുടെ മകള്‍ അഞ്ജുശ്രീ പാര്‍വതി (19)മരിച്ചത്. അഞ്ജുശ്രീ ഭക്ഷണം വാങ്ങിയ അല്‍ റൊമാന്‍സിയ ഹോട്ടല്‍ ഭക്ഷ്യസുരക്ഷ വിഭാഗം പൂട്ടി സീല്‍ ചെയ്തു.
പെണ്‍കുട്ടി മരിച്ച കേസില്‍ ഹോട്ടല്‍ ഉടമയടക്കം മൂന്നുപേര്‍ കസ്റ്റഡിയിലായിരുന്നു. പിന്നാലെ വലിയ പ്രതിഷേധമാണ് രാഷ്ട്രീയ പാര്‍ട്ടികളടക്കം നടത്തിയത്. ഹോട്ടലിലേക്ക് മാര്‍ച്ച് നടത്തിയ ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. കാഞ്ഞങ്ങാട്ടെ ഡിഎംഒ ഓഫിസ് പൂട്ടി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റീത്ത് വച്ചു.
മരിച്ച അഞ്ജുശ്രീ പാര്‍വതിയുടെ ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം പരിയാരം മെഡിക്കല്‍ കോളജിലെത്തിച്ചു. രാത്രിയോടെ കാസര്‍കോട്ടെ വീട്ടുവളപ്പില്‍ സംസ്‌കാരം.