കഴക്കൂട്ടം: തന്റെ പ്രിയപ്പെട്ട അച്ഛൻ നീണ്ട 6 വർഷങ്ങൾക്ക് ശേഷം നാട്ടിലേയ്ക്ക് എത്തിയ സന്തോഷത്തിലായിരുന്നു 22 കാരിയായ രേഷ്മ. എന്നാൽ ആ സന്തോഷത്തിന്റെ ആയുസ് മണിക്കൂർ നേരം മാത്രമാണെന്ന് രേഷ്മ അറിഞ്ഞിരുന്നില്ല. വിമാനത്താവളത്തിൽ രമേശിനെ കൂട്ടിക്കൊണ്ടു വരാനായി രേഷ്മ തന്നെയാണ് സ്‌കൂട്ടറുമായി പോയത്. ബിരുദ പഠനം പൂർത്തിയാക്കിയ രേഷ്മ സർക്കാർ ഉദ്യോഗം നേടാനായി പരിശീലന കേന്ദ്രത്തിൽ പോവുകയാണ്.
ഇതിനിടയിൽ കുട്ടികൾക്ക് ട്യൂഷൻ എടുക്കുന്നുണ്ട്. അച്ഛൻ വ്യാഴാഴ്ച നാട്ടിൽ എത്തുമെന്നും അച്ഛനോടൊപ്പം ചെലവഴിക്കാൻ അഞ്ചു ദിവസം ക്ലാസ് ഇല്ലെന്നും തന്റെ വിദ്യാർഥികൾക്ക് രേഷ്മ സന്ദേശം അയക്കുകയും ചെയ്തിരുന്നു. ഈ സന്ദേശം ഇന്ന് തീരാനോവ് ആവുകയാണ്. രേഷ്മ അമ്മൂമ്മ സുജാതയോട് ഒപ്പമാണ് പതിവായി ഉറങ്ങിയിരുന്നത്. എന്നാൽ വ്യാഴാഴ്ച തനിക്ക് അച്ഛനോടൊപ്പം കിടക്കണമെന്ന് പറഞ്ഞ് അവരുടെ മുറിയിലേക്ക് പോവുകയായിരുന്നു.
ദുബായിയിൽ ഡ്രൈവറായ കണിയാപുരം പടിഞ്ഞാറ്റുമുക്ക് ചിറയ്ക്കൽ കൊമ്പനമൂട് കാർത്തികയിൽ രമേശ് (48) ഭാര്യ സുലജ (45) മകൾ രേഷ്മ (22) എന്നിവരുടെ മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയിൽ കിടപ്പുമുറിയിൽ കണ്ടത്. രമേശ് വിദേശത്തു നിന്ന് നാട്ടിലെത്തിയ ദിവസം രാത്രിയാണ് നാടിനെ നടുക്കിയ കൂട്ട ആത്മഹത്യ നടന്നത്. ഈ സമയം, രമേശിന്റെ ഇളയ മകൻ രോഹിത് (19) സ്ഥലത്ത് ഇല്ലായിരുന്നു. ചെണ്ട പരിശീലനത്തിന് പോയതാണ് മരണത്തിൽ കരകയറാൻ ഇടയാക്കിയത്.
സുലജയുടെ പിതാവ് സുരേന്ദ്രൻ ഏറെ കാലം ദുബായിൽ നിർമാണ കമ്പനിയിൽ ജോലി ചെയ്തിരുന്നു. രോഗബാധിതനായതിനെ തുടർന്ന് വർഷങ്ങൾക്ക് മുൻപ് നാട്ടിലെത്തി. അക്കാലത്തു തന്നെ 12 ലക്ഷത്തോളം രൂപയുടെ ബാധ്യത ഇവരെ അലട്ടിയിരുന്നു. പിന്നീടാണ് രമേശ് ഡ്രൈവർ ജോലിക്കായി ദുബായിലേക്കു പോകുന്നത്. ഇരുവരും വിദേശത്ത് അധ്വാനിച്ചതിന്റെ നല്ലൊരു പങ്കും കടത്തിന്റെ മുതലും പലിശയും ഇനത്തിൽ കൊടുത്ത് തീർന്നു.
തുടർന്നും കടക്കാർ കുടുംബത്തെ നിരന്തരം ബുദ്ധി മുട്ടിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു കൊണ്ടിരുന്നു. ശേഷം, താമസിക്കുന്ന വീടും പത്തു സെന്റ് പുരയിടവും വിറ്റ് കടം തീർക്കാൻ തീരുമാനിച്ചു. എന്നാൽ വീടും വസ്തുവും വിറ്റാൽ പണവുമായി മുങ്ങാൻ സാധ്യത ഉണ്ടെന്ന് കാണിച്ച് ചിലർ കഠിനംകുളം പോലീസിൽ പരാതി നൽകി. ഇതോടെ ഈ വഴിയും അടഞ്ഞു. ആറു മാസത്തിനുള്ളിൽ കടം വീട്ടാം എന്നുള്ള ഉറപ്പും അംഗീകരിച്ചില്ല. ഇതോടെയാണ് കൂട്ടആത്മഹത്യയിലേയ്ക്ക് കുടുംബത്തെ കടക്കാൻ പ്രേരിപ്പിച്ചത്.