തൃശൂര്‍: തേനീച്ചക്കൂടാണെന്ന് കരുതി തേന്‍ ലഭിക്കാനായി കല്ലെറിഞ്ഞ വിദ്യാര്‍ത്ഥിയുടെ അമളി പണിയായത് മുപ്പതോളം പേര്‍ക്ക്. തേന്‍ കിട്ടുമെന്ന് കരുതി വിദ്യാര്‍ഥിനി കല്ലെറിഞ്ഞത് കടന്നല്‍ക്കൂട്ടിലായിരുന്നു. കടന്നല്‍ക്കൂട്ടം ഇളകിയതോടെ സമീപത്തുണ്ടായിരുന്ന മറ്റ് കുട്ടികള്‍ക്കടക്കം കുത്തേല്‍ക്കുകയായിരുന്നു.
പാവറട്ടി സികെസി ഗേള്‍സ് ഹൈസ്‌കൂളില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് ഇടവേള സമയത്താണ് സംഭവം. മുപ്പതോളം വിദ്യാര്‍ത്ഥികള്‍ക്കാണ് കടന്നല്‍കുത്തേറ്റത്. ഹൈസ്‌കൂള്‍, യുപി വിഭാഗങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥിനികള്‍ക്കാണ് കുത്തേറ്റത്.
കടന്നല്‍ കുത്തില്‍ പരിക്കേറ്റവരെ അധ്യാപകര്‍ പാവറട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. സ്‌കൂള്‍ വളപ്പിനോടു ചേര്‍ന്നുള്ള സ്വകാര്യവ്യക്തിയുടെ പറമ്പിലെ കൂറ്റന്‍ പനമരത്തിലായിരുന്നു കടന്നല്‍ക്കൂട് ഉണ്ടായിരുന്നത്.
വിദ്യാര്‍ഥിനികള്‍ക്ക് കടന്നല്‍ക്കുത്തേറ്റ സംഭവത്തെത്തുടര്‍ന്ന് പാവറട്ടി സികെസി ഗേള്‍സ് ഹൈസ്‌കൂളിന് അവധി നല്‍കുിയിരുന്നു. കടന്നല്‍ഭീതി ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് അവധി നല്‍കുന്നതെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.
Discussion about this post