തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ മൂന്നുപേര്‍ ജീവനൊടുക്കിയ സംഭവം നാടിനെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്. കഠിനംകുളത്താണ് സംഭവം. മൂന്നംഗ കുടുംബം ആത്മഹത്യ ചെയ്തത് പലിശക്കുരുക്കില്‍ നിന്ന് കരകയറാന്‍ കഴിയാത്തതിനെ തുടര്‍ന്നാണെന്ന് പോലീസ് പറയുന്നു.
പലരില്‍ നിന്നും രമേശന്‍ പലിശക്ക് പണം കടം വാങ്ങിയിരുന്നു. തുടര്‍ന്ന് ലക്ഷങ്ങളുടെ കടമായി. തന്റെ വീടും സ്ഥലവും വിറ്റ് കടം തീര്‍ക്കാന്‍ ശ്രമിച്ചിട്ടും നടന്നില്ല. ഇതിന് പിന്നാലെ ബാങ്കില്‍ നിന്നും ലോണെടുത്ത് കടം വീട്ടാനുള്ള ശ്രമവും പരാജയപ്പെട്ടു.
പലിശക്കാര്‍ വീടും സ്ഥലവും ഈട് കാണിച്ച് കേസിന് പോയി. ഇതിന് പിന്നാലെയായിരുന്നു ആത്മഹത്യ. പൊള്ളലേറ്റാണ് പടിഞ്ഞാറ്റ് മുക്ക് കാര്‍ത്തിക വീട്ടില്‍ രമേശന്‍ (48), ഭാര്യ സുലജ കുമാരി (46), മകള്‍ രേഷ്മ (23) എന്നിവര്‍ മരിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു രമേശന്‍ ഗള്‍ഫില്‍ നിന്ന് തിരിച്ചെത്തിയത്.
കിടപ്പുമുറിയിലാണ് മൂവരുടെയും മൃതദേഹം കണ്ടെത്തിയത്. രാത്രി പന്ത്രണ്ട് മണിയോടെ ജനല്‍ ചില്ലുകളും മറ്റും പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ട അയല്‍വാസികള്‍ നോക്കിയപ്പോഴാണ് കിടപ്പ് മുറിക്കുള്ളില്‍ നിന്നും തീ ആളിക്കത്തുന്നത് കണ്ടത്.
കാഴ്ചകണ്ട് അയല്‍വാസികളെല്ലാം ഓടിയെത്തി.
എന്നാല്‍ വീട് അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. വാതില്‍ തകര്‍ത്ത് അകത്ത് കയറാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പുറത്തെ ജനലിലൂടെ അകത്തേക്ക് വെള്ളമൊഴിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.