സംസ്ഥാന സ്‌കൂൾ കലോത്സവത്തിനിടെയാണ് നടക്കാവ് ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാർഥിനി നിള നൗഷാദിന്റെ കാലുളുക്കിയത്. മത്സരത്തിൽ പങ്കെടുക്കാൻ കഴിയുമോ എന്ന ആശങ്ക നിളയെ അലട്ടിയിരുന്നുവെങ്കിലും ഇന്ന് വേദിയിൽ യാക്കൂബായി പകർന്നാടാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് നിള. കെട്ടിവെച്ച കാലിലും വേദന മറന്ന് നിള അഭിനയിച്ച് ഫലിപ്പിച്ചു.
മത്സരമടുത്ത ദിവസങ്ങളിലാണ് കാലുളുക്കുന്നത്. യാക്കൂബ് എന്ന അപ്പൻ റോൾ ചെയ്യാൻ നിളയ്ക്കു പകരമാവില്ലെന്ന് മറ്റാരും എന്ന് കൂട്ടുകാർക്കിടയിൽ സംസാരം വന്നതോട നിള കെട്ടിവെച്ച കാലുമായി പ്രാക്ടീസിന് എത്തുകയായിരുന്നു. ഒപ്പം കൂട്ടുകാരുടെ അകമഴിഞ്ഞ പിന്തുണയും. തളരാനില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടായിരുന്നു നിള സ്റ്റേജിലേയ്ക്ക് എത്തിയത് തന്നെ.
പിന്നീട് തളിയിലെ സാമൂതിരി സ്‌കൂളിലുള്ള രണ്ടാംവേദി കണ്ടത് അപ്പനായുള്ള അതിശയിപ്പിക്കുന്ന പ്രകടനമായിരുന്നു. കെട്ടിലും മട്ടിലും യാക്കൂബെന്ന അപ്പൻമാത്രം. ടി.വി. കൊച്ചുബാവയുടെ കഥയുടെ സ്വതന്ത്ര നാടകാവിഷ്‌കാരം അരങ്ങിലെത്തിച്ചത് സതീഷ് കെ. സതീഷും കെ.പി. വിജേഷും എം.സി. സന്തോഷും ചേർന്നാണ്.