കര്‍ണാടക: ഗ്രാമത്തിലേക്ക് യാത്രാ സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ചതിന് പിന്നാലെ വീട്ടിലേക്ക് മടങ്ങിയ വിദ്യാര്‍ത്ഥിക്ക് വാഹനാപകടത്തില്‍ ദാരുണാന്ത്യം. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ക്ക് അപകടത്തില്‍ പരിക്കേറ്റു.
കര്‍ണാടകയിലെ ബെളഗാവിയിലാണ് ദാരുണസംഭവം.
എട്ടാംക്ലാസ്സുകാരിയായ അക്ഷത ഹുളിക്കെട്ടിയാണ് അപകടത്തില്‍ മരിച്ചത്. 12കാരയെ കാര്‍ ഇടിക്കുകയായിരുന്നു. സ്‌കൂളില്‍ നിന്നും തിരികെ വീട്ടിലേക്ക് വരും വഴിയാണ് അപകടം സംഭവിച്ചത്. കിട്ടുര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് അക്ഷത.
യാത്രാ സൗകര്യമില്ലെന്ന് അറിയിച്ച് കൊണ്ട് അക്ഷത എംഎല്‍എ മഹന്തേശ് ദൊദ്ദഗൗഡര്‍ക്ക് രണ്ടാഴ്ച്ച മുന്‍പ് കത്ത് നല്‍കിയിരുന്നു. എന്നാല്‍ എംഎല്‍എയുടെ ഭാഗത്ത് നിന്നും യാതൊരു നടപടിയും ഉണ്ടായില്ല. ഗ്രാമത്തിലേക്ക് ബസ് സര്‍വീസ് ഏര്‍പ്പെടുത്തണം എന്നാവശ്യപ്പെട്ട് പലതവണ അക്ഷതയും സുഹൃത്തുക്കളും സ്‌കൂളില്‍ പ്രതിഷേധം നടത്തുകയും ചെയ്തിരുന്നു.
പ്രതിഷേധവും കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി വരും വഴിയാണ് വേഗതയില്‍ വന്ന കാര്‍ മൂന്ന് പേരെയും ഇടിച്ചത്. അപകടത്തെ തുടര്‍ന്ന് നാട്ടുക്കാര്‍ റോഡ് ഉപരോധിച്ചു. തുടര്‍ന്ന് എംഎല്‍എ സംഭവത്തില്‍ ഇടപെടുകയും കുട്ടിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുമെന്ന് വാഗ്ദാനം നല്‍കുകയും ചെയ്തു.